29 March 2024 Friday

കോവിഡ് വ്യാപനത്തിൽ തകർന്ന് വിപണി: സെൻസെക്‌സ് 1,708 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

ckmnews

മുംബൈ: കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിക്ക് തിരിച്ചടിയായി. കനത്ത വില്പന സമ്മർദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത് .ഇതോടെ സെൻസെക്‌സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്‌സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. 

ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

സെക്ടറൽ സൂചികകളിൽ പൊതുമേഖല ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു. ഓട്ടോ, എനർജി, ഇൻഫ്ര, മെറ്റൽ സൂചികകൾ 4-5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കും സ്‌മോൾ ക്യാപ് സൂചികകയ്ക്കും 4-5ശതമാനത്തോളം നഷ്ടമായി.