24 April 2024 Wednesday

അരാജകത്വത്തിന് പരിഹാരം ധാർമ്മിക വിദ്യ:കൊമ്പം മുഹമ്മദ് മുസ്‌ലിയാർ

ckmnews

അരാജകത്വത്തിന് പരിഹാരം ധാർമ്മിക വിദ്യ:കൊമ്പം മുഹമ്മദ്  മുസ്‌ലിയാർ


 പട്ടാമ്പി:സമൂഹത്തിൽ നടമാടുന്ന അരാജകത്വ പ്രവണതകൾക്ക് ശാശ്വതമായ പരിഹാരം ധാർമ്മിക വിദ്യ വ്യാപിപ്പിക്കലാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാ കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം  അഭിപ്രായപ്പെട്ടു. മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂളിലെ  റൗള,തിബിയാൻ പ്രീസ്കൂൾ കോഴ്സുകൾ പൂർത്തിയാക്കിയ  വിദ്യാർത്ഥികൾക്കുള്ള  സനദ് ദാന സമ്മേളനത്തിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലിനമായ ചുറ്റുപാടുകളിൽ  വളർന്നു വലുതാവുന്ന വർക്ക് തെറ്റുകളിലേക്ക് ചെന്നു പെടാൻ എളുപ്പമാണ്, ശുദ്ധമായ  ജീവിത പരിസരവും സംസ്കാരസമ്പന്നമായ സൗകര്യങ്ങളും ആണ് മനുഷ്യനെ ഉത്തമനാക്കുന്നത്. ഇളം പ്രായത്തിൽ തന്നെ  ധാർമ്മിക വിദ്യ ഉറപ്പുവരുത്തുന്ന  ഇസ്ലാമിക് പ്രീ സ്കൂൾ കോഴ്സുകൾ സർക്കാർ സംവിധാനങ്ങൾ പോലും മാതൃകയാക്കുന്ന  സാഹചര്യമാണുള്ളത്. പ്രവാചക അധ്യാപനങ്ങൾ  ഇളം പ്രായത്തിൽ തന്നെ  ധാർമ്മിക വിദ്യയും മൂല്യങ്ങളും  ഉറപ്പുവരുത്താൻ  കർശന നിർദ്ദേശം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും സ്ഥാന വസ്ത്രവും ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം ബുഖാരി അധ്യക്ഷത വഹിച്ചു.  എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ സിദ്ദീഖ് മാസ്റ്റർ, സ്കൂൾ എം എസ് ഹെഡ്  ആബിദ് സഖാഫി കരിങ്ങനാട്, കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി ജോൺ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ കൊടലൂർ, തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ സമീറലി, എസ് വൈ എസ് പട്ടാമ്പി സോൺ പി ആർ സെക്രട്ടറി  യു എ റഷീദ് അസ്ഹരി, സ്കൂൾ ജനറൽ ഡയറക്ടർ മുഹമ്മദ് ഹനീഫ, സ്റ്റാഫ് പ്രതിനിധികളായ  ഹനീഫ സഅദി കരിങ്ങനാട്, ഹംസ കെ പി, റഫീഖ് ഖുത്തുബി സംസാരിച്ചു.