24 April 2024 Wednesday

യോഗ്യനല്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചാൽ രാജി അനിവാര്യം: നിയമവിദഗ്ധർ

ckmnews



മന്ത്രി കെ.ടി.ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി കണ്ടെത്തിയ ലോകായുക്ത അത് ‘പ്രഖ്യാപനം’ ചെയ്ത സാഹചര്യത്തിൽ രാജി അനിവാര്യമാണെന്നു നിയമവിദഗ്ധർ.ആകെയുള്ള ആശ്രയം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയുമാണ്. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാനുള്ള ശ്രമത്തിലാണ് മന്ത്രി. ഹൈക്കോടതി നേരത്തെ തള്ളിയ കേസായതിനാൽ ആത്മവിശ്വാസമുണ്ട്. എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്ന ലോകായുക്ത സിറിയക് ജോസഫിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്കെടുക്കേണ്ടിവരുമെന്നും മന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വാദിക്കുന്നവരുണ്ട്.വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്നാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14ൽ പറയുന്നത്. ലോകായുക്തയിൽ അപ്പീൽ നൽകാൻ വ്യവസ്ഥയില്ല.


‘പരാതിയിൽ വസ്തുതയുണ്ടെന്നു ബോധ്യപ്പെട്ടാൽ ആരോപണവിധേയനായ ആൾ ആ പദവിയിൽ ഇരിക്കാന്‍ യോഗ്യനല്ലെന്നു ലോകായുക്ത പ്രഖ്യാപനം നടത്തണം. ഇത് ഗവർണറോ, സർക്കാരോ, മുഖ്യമന്ത്രിയോ ആരാണോ നടപടിയെടുക്കാൻ അധികാരി അവർ അതുപോലെ അംഗീകരിക്കണം’–നിയമത്തിൽ പറയുന്നു. പ്രഖ്യാപനത്തിന്റെ പകർപ്പ് റജിസ്ട്രേഡ് തപാലിൽ ബന്ധപ്പെട്ടവർക്ക് അയയ്ക്കും. അവധിയായതിനാൽ തിങ്കളാഴ്ച തപാൽ അയയ്ക്കുമെന്നു ലോകായുക്തയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. നടപടിയെടുക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല.സർക്കാരും സിപിഎമ്മും ജലീലിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവൈലബിൾ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണിതെന്നാണ് ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയിൽ  മുസ്ലീംലീഗ് നേതാവ് പി.കെ.ഫിറോസാണ് പരാതി നൽകിയത്. ഉചിതമായ മറ്റു ഫോറങ്ങളിൽ പരാതി നൽകാനുണ്ടെന്നു കാട്ടി പിന്നീടതു പിൻവലിച്ചു. ഫിറോസ് പ്രോസിക്യൂഷൻ അനുമതി തേടിയില്ലെന്നും മറ്റു വേദികളിൽ പരാതി ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 


ലോകായുക്ത വിധിക്കെതിരെ ജലീൽ അപ്പീൽ നൽകിയാൽ വിശദമായ വാദം ഹൈക്കോടതിയിൽ നടക്കും. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തി ഗവർണർക്കു വീണ്ടും പരാതി നൽകാനും ആലോചനകൾ നടക്കുന്നു. ജൂൺ ഒന്നിനകം പുതിയ മന്ത്രിസഭ അധികാരത്തിൽവരണം. അതിനിടയിൽ സർക്കാർ ലോകായുക്ത ഉത്തരവ് നടപ്പിലാക്കില്ലെന്ന് ഉറപ്പാണ്. ജലീലിന്റെ അപ്പീലിൽ കോടതി വിധികൾ വരുന്നതുവരെ കാക്കാനാണ് തീരുമാനം.