19 April 2024 Friday

കുത്തകവിരുദ്ധ നടപടി: ആലിബാബയ്ക്ക് ചൈന 280 കോടി ഡോളർ പിഴചുമത്തി

ckmnews


വിപണിയിലെ ആധിപത്യം ദുരുപയോഗംചെയ്‌തെന്നാരോപിച്ച് ചൈനയിലെ വിപണി റെഗുലേറ്റർ ആലിബാബയ്ക്ക് 280 കോടി ഡോളർ(ഏകദേശം 21,000 കോടി രൂപ) പിഴവിധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബായ്ക്ക് വൻതുക പിഴചുമത്തിയത്. കമ്പനിയുടെ 2019ലെ ആഭ്യന്തര മൊത്തവില്പനയുടെ നാലുശതമാനത്തിന് തുല്യമായ തുകയാണിത്. 

വിപണിയിലെ ആധിപത്യത്തിന് സഹായിച്ച നയങ്ങളിൽനിന്ന് ആലിബാബയ്ക്ക് ഇനി പിന്മാറേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ജാക്ക് മായുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനം സ്വന്തമായി രൂപകൽപനചെയ്ത പ്ലാറ്റ്‌ഫോം നിയമങ്ങളും അൽഗൊരിതം പോലുള്ള സാങ്കേതികസാധ്യതകളും ഉപയോഗിച്ചാണ് വിപണിയിൽ ശക്തിതെളിയിച്ചതെന്നും അതിലൂടെ അനുചിതമായ മത്സരംവളർത്തി വിപണിപിടിച്ചെന്നുമാണ് പ്രധാന ആരോപണം.  ഡിസംബറിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് വൻതുക പിഴയിടാൻ മാർക്കറ്റ് റെഗുലേറ്റർ തീരുമാനിച്ചത്.