25 April 2024 Thursday

ആമസോണ്‍ ഡേറ്റ സെന്ററിൽ സ്‌ഫോടനം നടത്താൻ പദ്ധതി;യുവാവ് പിടിയില്‍

ckmnews


വാഷിങ്ടണ്‍: കൊളംബിയയിലെ ആമസോണ്‍ ഡേറ്റ സെന്ററില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരനെ അന്വേഷണസംഘം വ്യാഴാഴ്ച  അറസ്റ്റ് ചെയ്തു. സമാനലക്ഷ്യമുള്ള വ്യക്തിയാണെന്ന ധാരണയില്‍ ഒരു എഫ്ബിഐ ഉദ്യോഗസ്ഥനില്‍ നിന്ന് സ്‌ഫോടകവസ്തു കൈപ്പറ്റിയ ശേഷമാണ് സേത് ആരോണ്‍ പെന്‍ഡ്‌ലി എന്നയാള്‍ പിടിയിലായത്. ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിലും പങ്കാളിയാണെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

ഇയാളെ പിടികൂടാനായി എഫ്ബിഐ തയ്യാറാക്കിയ പദ്ധതിയില്‍ കുടുങ്ങി ഉദ്യോഗസ്ഥനുമായുണ്ടായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഡ്‌ലി സ്ഫാടകവസ്തു വാങ്ങാനെത്തിയത്. മൈ മിലിഷ്യ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ പ്രകോപനപരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്ത പെന്‍ഡ്‌ലിയെ കുറിച്ച് മറ്റൊരാള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു എഫ്ബിഐയുടെ അന്വേഷണം. ആമസോണിന്റെ ഡേറ്റ സെന്ററുകളില്‍ ആക്രമണം നടത്തി ഇന്റര്‍നെറ്റിന്റെ എഴുപത് ശതമാനത്തോളം നിര്‍വീര്യമാക്കാന്‍ ഇയാള്‍ ലക്ഷ്യമിടുന്നതായാണ് എഫ്ബിഐയ്ക്ക് ലഭിച്ച വിവരം.

ആമസോണ്‍ ഡേറ്റ സെന്ററുകള്‍ എഫ്ബിഐ, സിഐഎ, മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ എന്നിവക്കാവശ്യമായ സേവനങ്ങള്‍  നല്‍കുന്നതിനാലാണ് ആക്രമണത്തിനൊരുങ്ങുന്നതെന്ന് ഇയാള്‍ എഫ്ബിഐ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ആക്രമണപദ്ധതിക്കായി തയ്യാറാക്കിയ രേഖാചിത്രങ്ങള്‍ കണ്ടെത്തി. 

ക്യാപിറ്റോള്‍ ആക്രമണത്തില്‍ താന്‍ പങ്കെടുത്തതായുള്ള പെന്‍ഡ്‌ലിയുടെ അവകാശവാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആക്രമണസമയത്തെ തന്റെ സാന്നിധ്യം തെളിയിക്കുന്നതിനായി ക്യാപിറ്റോള്‍ കെട്ടിടത്തിന് സമീപത്ത് നിന്നുള്ള വീഡിയോ ഇയാള്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ ക്യാപിറ്റോളിനകത്ത് ഇയാള്‍ പ്രവേശിച്ചിട്ടില്ലെന്നാണ് എപ്ബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ക്യാപിറ്റോളില്‍ നിന്നുള്ള ഒരു ചില്ലുകഷണം സൂക്ഷിച്ചിട്ടുള്ളതായും പെന്‍ഡ്‌ലി വെബ്‌സൈറ്റില്‍ അവകാശപ്പെട്ടിരുന്നു. 

സ്‌ഫോടനം നടത്താനുള്ള ശ്രമം നടത്തിയ കുറ്റമാണ് പെന്‍ഡ്‌ലിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ഇരുപത് കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണുള്ളത്.