20 April 2024 Saturday

മലപ്പുറത്ത് നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പെട്ടിട്ടില്ലാത്ത വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ്: ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍

ckmnews

മലപ്പുറത്ത് ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ്. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പെട്ടിട്ടില്ലാത്ത വാടകവീട്ടില്‍ താമസിക്കുന്ന റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ നമ്ബറും തദ്ദേശ സ്ഥാപന പ്രതിനിധിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടെങ്കില്‍ 24 മണിക്കൂറിനകം കാര്‍ഡ് നല്‍കുമെന്ന് ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

വാടക കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച്‌ സമര്‍പിച്ച പരാതിയില്‍ കമീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ ഇക്കാര്യമറിയിച്ചത്. അതേസമയം മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കാനാവില്ലെന്നും റിപോര്‍ടില്‍ പറയുന്നു.

ഒരേ കുടുംബത്തില്‍ തന്നെ രണ്ടോ മൂന്നോ കുടുംബമായിട്ട് താമസിക്കുന്നവരെ വ്യത്യസ്ത കുടുംബമായി കണ്ട് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന മറ്റൊരു പരാതിക്കാരന്റെ ആവശ്യം കമീഷന്‍ തള്ളി. 2013-ലെ ദേശീയ ഭക്ഷ്യ ഭദ്രതാനിയമവും 1966ലെ റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡറും അനുസരിച്ച്‌ മാത്രമേ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു.