25 April 2024 Thursday

രാജ്യത്ത് റെക്കോര്‍ഡ് കോവിഡ് രോഗികള്‍; ഇന്നലെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തിലേക്ക്; ഭീതി പടര്‍ത്തി മരണ നിരക്കിലും വര്‍ധന; ജോലി സ്ഥലത്ത് വെച്ചും വാക്‌സിന്‍ നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം

ckmnews

രാജ്യത്തെ കോവിഡ് കണക്കില്‍ ഭീതിപ്പെടുത്തുന്ന വര്‍ദ്ധന. ഇന്നലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം 685 പേരുടെ മരണവും സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് നിരക്കില്‍ വന്‍വര്‍ധന രേഖപ്പെടുത്തുമ്ബോള്‍ തന്നെ മരണ നിരക്കും ഉയരുന്നത് ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ 1,15,736 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.

59,258 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം 12,37,781 സാമ്ബിളുകളാണ് ഇന്നലെ പരിശോധിച്ചത്. 9,10,319 പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ഈ പശ്ചാത്തലത്തില്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കോവിഡ് പ്രതിരോധവും വാക്‌സിനേഷന്‍ നടപടികളും കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കോവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തമായ രീതിയില്‍ രാജ്യത്ത് ഉണ്ടാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം തരംഗം കുട്ടികളെയും യുവാക്കളെയും കൂടുതല്‍ രൂക്ഷമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം മാര്‍ച്ച്‌ മുതല്‍ 79,688 കുട്ടികളെ കോവിഡ് ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജോലി സ്ഥലത്ത് വെച്ചും വാക്‌സിന്‍ നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം. 45 വയസ്സിനു മുകളിലുള്ള 100 പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കൂ.

അതിനിടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്റ് രംഗത്തുവന്നു. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയിലുള്ള സ്വന്തം പൗരന്മാര്‍ പോലും ഇപ്പോള്‍ മാതൃരാജ്യത്തിലേക്ക് തിരികെ വരേണ്ട എന്ന നിലപാടാണ് ന്യൂസിലാന്റ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസിലാന്റില്‍ ഇരുപത്തിമൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 17ഉം ഇന്ത്യയില്‍ നിന്നും എത്തിയവരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന്യൂസിലാന്‍ഡ് നിലപാട് കടുപ്പിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച്‌ നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലന്‍ഡിന്റെ നടപടി.