28 March 2024 Thursday

തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നും മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ മുഴുവന്‍ അടച്ചു

ckmnews


ചങ്ങരംകുളം:മലപ്പുറം ജില്ലയിലേക്കുള്ള വഴികള്‍ തൃശ്ശൂര്‍ ജില്ലയും പാലക്കാട് ജില്ലയും അടച്ചു.കൃത്യമായ പരിശോധനക്ക് ശേഷം മാത്രമാണ് ജില്ലയില്‍ നിന്ന് പുറത്തേക്കും മറ്റു ജില്ലകളില്‍ നിന്ന് മലപ്പുറം ജില്ലയിലേക്കും പ്രവേശന അനുമതി നല്‍കുന്നുള്ളൂ.മലപ്പുറം ജില്ലയിലേക്കുള്ള 10 റോഡുകൾ തൃശൂർ ജില്ലാ ഭരണകൂടം അടച്ചു. തൃശൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പൊന്നാനി താലൂക്കിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇരു ജില്ലയെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകൾ ഉൾപ്പെടെ 10 റോഡുകൾ പൊലീസ് അടച്ചത്. ആംബുലൻസ് മാത്രമാണ് കടത്തിവിടുന്നത്. പൊന്നാനി–ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് തങ്ങൾപടിയിലൂടെ  മാത്രമാണ് ആവശ്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉപാധികളോടെ തൃശൂർ ജില്ലയിലേക്ക് കടക്കാൻ അനുവദിക്കുന്നത്.ഡ്രൈവർമാർ യാത്രക്കാർ എന്നിവരെ ആരോഗ്യ പ്രവർത്തകർ വിശദമായി പരിശോധിച്ച് സംശയമുള്ളവരെ ആരോഗ്യവകുപ്പിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റുകയാണ്.ചൂണ്ടൽ–കുറ്റിപ്പുറം പാത ഭാഗികമായി അടച്ചു.  പൊന്നാനി–ഗുരുവായൂർ, വെളിയങ്കോട്– എടക്കഴിയൂർ, ചങ്ങരംകുളം–സ്രായിക്കടവ്,  ചെറവല്ലൂർ–ഉപ്പുങ്ങൽ കടവ്  ഉൾപ്പെടെ 6 പഞ്ചായത്ത് റോഡുകളാണ് ബാരിക്കേഡുകളും തടിയും ഉപയോഗിച്ച് പൂർണമായും അടച്ചത്.അടച്ചിട്ട റോഡുകളിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണവുമുണ്ട്.പാലക്കാട് ജില്ലയില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന നീലിയാട് റോഡിലും നടുവട്ടം കൂനംമൂച്ചി റോഡിലും കനത്ത പരിശോധക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.