20 April 2024 Saturday

തിരഞ്ഞെടുപ്പ് പൂരത്തിന് കലാശമായി. ഇനി ശക്തന്റെ തട്ടകം സാക്ഷാല്‍ പൂരത്തിന്റെ ആവേശത്തിലേക്ക്

ckmnews

തിരഞ്ഞെടുപ്പ് പൂരത്തിന് കലാശമായി. ഇനി ശക്തന്റെ തട്ടകം സാക്ഷാല്‍ പൂരത്തിന്റെ ആവേശത്തിലേക്ക് . പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ഇടപെടലുകളും സമരങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയായെങ്കില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ ലംഘിക്കുമോയെന്ന ആശങ്ക ഏവരിലും ഉയരുന്നുണ്ട്. പൂരം പ്രദര്‍ശനത്തിന് ഒരു ദിവസം 200 പേരില്‍ കൂടുതല്‍ പാടില്ലെന്നും പൂരത്തിന് നിയന്ത്രണം വേണ്ടി വരുമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് തള്ളി മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന പൊലെ പൂരം നടത്തിപ്പിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കൊവിഡ് വ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. തിരുമ്ബാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി നടത്തുന്ന പൂരം പ്രദര്‍ശനം പത്തിനാണ് ആരംഭിക്കുന്നത്. അന്ന് മുതല്‍ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇരു ദേവസ്വങ്ങളിലേയും ഘടക ക്ഷേത്രങ്ങളിലേയും ഭാരാവാഹികള്‍ ,കലാകാരന്‍മാര്‍, പൂരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസറ്റ് നടത്തണമെന്നും വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് മുതല്‍ നടപടികള്‍ ആരംഭിക്കും.ടൗണ്‍ഹാളില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആനകളുടെ എണ്ണം കുറയ്ക്കാതെയും വെടിക്കെട്ട് ഉള്‍പ്പടെ നടത്തുന്നതിനുള്ള അനുമതിയാണ് നിലവില്‍ ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. പാറമേക്കാവ് വിഭാഗം തേക്കിന്‍ക്കാട് മൈതനാത്ത് തങ്ങളുടെ വെടിക്കെട്ട് പൂരയുടെ സജ്ജീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഘടക പൂരങ്ങളും മുന്‍കാലങ്ങളിലെ പ്രൗഡിയോടെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. പൂരത്തിന്റെ മറ്റ് അണിയറ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചമയ നിര്‍മ്മാണവും മറ്റും ഇരുദേവവസ്വങ്ങളിലും സജീവമായിട്ടുണ്ട്. ഏപ്രില്‍ 23 നാണ് ശക്തന്റെ തട്ടകത്ത് പൂരം പെയ്തിറങ്ങുക