25 April 2024 Thursday

പോളിംഗ് ബൂത്തിൽ മാസ്കിടാതെ സെൽഫി എടുക്കാൻ തുനിഞ്ഞ ആരാധകനോട് സൂപ്പർ താരത്തിന്റെ പ്രതികരണം

ckmnews

ചെന്നൈ : പൊതുവെ പബ്ലിസിറ്റി ഒട്ടും ഇഷ്ടമില്ലാത്ത ഒരു താരമാണ് 'തല' അജിത്. സ്വന്തം സിനിമയുടെ പ്രൊമോഷനുപോലും പോകാത്ത ഇദ്ദേഹം, മറ്റു താരങ്ങളെപ്പോലെ അവാർഡ് ചടങ്ങുകളിലോ, ഫിലിം ഇവന്റുകളിലോ ഒന്നും പ്രത്യക്ഷപ്പെടുക പതിവില്ല. അതുകൊണ്ടുതന്നെ, പൊതുജന മധ്യത്തിൽ അജിത് അവതരിക്കുമ്പോഴൊക്കെ ആരാധകരുടെ തള്ളിക്കയറ്റവും ഒപ്പം നിന്ന്, അനുവാദത്തോടെയോ അല്ലാതെയോ ഒക്കെയുള്ള സെൽഫി എടുപ്പും ഒക്കെ പതിവുള്ളതാണ്. 

ഇന്ന് രാവിലെ ഏഴുമണിയോടെ തിരുവാൺമിയൂരിലെ പോളിംഗ് ബൂത്തിൽ പത്നി ശാലിനിയോടൊപ്പം വോട്ടുചെയ്യാൻ വന്നെത്തിയതായിരുന്നു അജിത്. വോട്ടുചെയ്യാനെത്തിയ അജിത് തടിച്ചു കൂടിയ ആരാധകർക്കും പത്രക്കാർക്കുമെല്ലാം വേണ്ടി ഫോട്ടോയ്ക്കും പോസ് ചെയ്തു. അതിനിടയിലാണ്, പൊലീസ് വലയം ഭേദിച്ചെത്തിയ മാസ്ക് ധരിക്കാത്ത ഒരു ആരാധകൻ സെൽഫി എടുക്കാൻ വേണ്ടി അജിത്തിനോട് ചേർന്ന് വന്നു നിന്നത്. അജിത് അയാളെ ശ്രദ്ധിക്കും മുമ്പ് ചേർന്നുനിൽക്കലും ഫോട്ടോ എടുക്കലും കഴിഞ്ഞിരുന്നു.

കുപിതനായ അജിത് ആ വ്യക്തിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങുന്നതും, പിന്നാലെ കൈ ചൂണ്ടി അയാളെ അവിടെ നിന്ന് പുറത്താക്കാൻ ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പൊലീസ് ആ വ്യക്തിയെ അവിടെ നിന്ന് പുറത്താക്കുന്നു. 

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വിരുദ്ധാഭിപ്രായങ്ങളോടെ പലരും രംഗത്തെത്തുകയുണ്ടായി. ചിലർ അജിത്തിന്റെ  ഈ പെരുമാറ്റത്തെ താരജാഡ എന്ന് വിശേഷിപ്പിച്ച് രൂക്ഷമായി വിമർശിക്കുകയും, അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടേതുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

അതേസമയം, മറ്റു ചിലർ, സ്വന്തം കുടുംബത്തോടെ സ്വൈര്യമായി ചെന്ന് വോട്ടുചെയ്യാനുള്ള സാവകാശം താരത്തിന് നൽകാൻ ആരാധകർക്കും ബാധ്യതയുണ്ട് എന്ന അഭിപ്രായവും രേഖപ്പെടുത്തി.