24 April 2024 Wednesday

പെരുമ്പിലാവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി അധ്യാപികയുടെ പരാതി.

ckmnews

പെരുമ്പിലാവ്: സ്‌കൂൾ വാർഷികാഘോഷം കണ്ട് മടങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി അധ്യാപികയുടെ പരാതി. കരിക്കാട് സി.എം.എൽ.പി. സ്‌കൂളിലെ അധ്യാപികയാണ് പോലീസിൽ പരാതി വിളിച്ചറിയിച്ചത്.പഴഞ്ഞി ഗവ. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി കരിക്കാട് മുള്ളത്തുവളപ്പിൽ ഷിംനയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കരിക്കാട് സി.എം.എൽ.പി. സ്‌കൂളിലെ വാർഷികാഘോഷം കണ്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കരിക്കാട് റോഡിൽനിന്ന്‌ ചോല റോഡിലേക്ക് കുട്ടി തിരിഞ്ഞയുടനെ നീല കാറിൽ എത്തിയ ആൾ കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ മറ്റ് രണ്ട് കുട്ടികൾ ഉണ്ടായിരുന്നതായും അവർ കരയുന്നുണ്ടായിരുന്നെന്നും ഒരു കുട്ടിയുടെ നെറ്റിയിൽ ബാൻഡേജ് ഒട്ടിച്ചിരുന്നതായും ഷിംന പറഞ്ഞു.കാറിലുള്ള കുട്ടികളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുകയാണെന്നും അവരെ ഡോക്ടറെ കാണിച്ച് വരുന്ന വഴിക്ക് ഷിംനയെ വീട്ടിലിറക്കാമെന്നുമാണ് കാറിലുണ്ടായിരുന്ന ആൾ പറഞ്ഞതെന്നാണ് കുട്ടി പറയുന്നത്.പരിഭ്രമിച്ച്‌ വീട്ടിലേക്ക് ഓടിയ ഷിംനയെ കാർ പിൻതുടർന്നെങ്കിലും ആളുകളെ കണ്ടതിനെത്തുടർന്ന് അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഷിംന വീട്ടിലെത്തി സംഭവം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.