29 March 2024 Friday

ലോക്ക് ഡൗണ്‍ സമയത്ത് ആശുപത്രി പരിസരത്ത് പ്രണയം, ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കാമുകന്റെ കയ്യേറ്റശ്രമം

ckmnews


എടപ്പാൾ :ലോക്ഡൗൺ നിയന്ത്രണങ്ങളെല്ലാമുണ്ടെങ്കിലും എത്ര ദിവസം പരസ്പരം കാണാതിരിക്കും.കാത്തിരിപ്പ് ലക്ഷ്യം കാണാതെ വന്നതോടെ വീട്ടമ്മയായ കാമുകി കാമുകനെ കാണാന്‍ തെരെഞ്ഞെടുത്തത് ആശുപത്രി പരിസരം.ലോക്ക് ഡൗണ്‍ ലംഘിച്ച് പരസ്യമായി മണിക്കൂറുകള്‍ നീണ്ട പ്രണയ സല്ലാപം ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കാമുകന്റെ രോഷം കയ്യേറ്റശ്രമത്തിലുമെത്തി.കഴിഞ്ഞ ദിവസം എടപ്പാൾ സിഎച്ച്സി പരിസരത്താണ് രസകരവും നാടകീയവുമായ സംഭവങ്ങള്‍ നടന്നത്.ഉച്ചയ്ക്ക് 2 മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു.ഇതു കണ്ട ആരോഗ്യപ്രവര്‍ത്തകര്‍ എന്തിനാണ് എത്തിയതെന്ന് അവരോട് ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് വൈകിട്ട് 5.30ന് ജീവനക്കാര്‍ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവര്‍ ആശുപത്രി പരിസരത്തു തന്നെ. ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവും യുവതിയും സ്ഥലംവിട്ടു.എന്നാല്‍ കുറച്ച്‌ സമയത്തിന് ശേഷം തിരികെയെത്തിയ യുവാവ് ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകെ‍ാണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം.അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.വിലാസം ചോദിച്ചെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും യുവാവ് നടത്തിയതായി ആരോപണമുണ്ട്.ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെ‍ാലീസിനു വിവരം നല്‍കിയതോടെ യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു.അന്വേഷണത്തില്‍ പെരുമ്പറമ്പ്  സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.