28 March 2024 Thursday

നിരവധി ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവസാനിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍; ഇനി ലഭ്യമാവുക രണ്ട് പ്ലാനുകള്‍ മാത്രം

ckmnews

ഭാരത് ഫൈബര്‍ എന്ന പേരില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി എസ് എന്‍ എല്‍) നിരവധി ഫൈബര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഇന്നുമുതല്‍ ഏതാനും ഫൈബര്‍ പ്ലാനുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2020 ഒക്റ്റോബര്‍ 1-ന് നാല് ഫൈബര്‍ പ്ലാനുകളാണ് ബിഎസ്‌എന്‍എല്‍ ആരംഭിച്ചത്. ഫൈബര്‍ ബേസിക്ക്, ഫൈബര്‍ വാല്യൂ, ഫൈബര്‍ പ്രീമിയം, ഫൈബര്‍ അള്‍ട്രാ എന്നിവയായിരുന്നു ആദ്യത്തെ നാല് പ്ലാനുകള്‍. പിന്നീട് മറ്റു ചില പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും മറ്റു ചിലത് ഉപേക്ഷിക്കുകയും ചെയ്തു. ഇന്ന് മുതല്‍ ബിഎസ്‌എന്‍എല്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഫൈബര്‍ ബേസിക്ക് പ്ലാന്‍, ഫൈബര്‍ പ്രീമിയം പ്ലസ് പ്ലാന്‍ എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളൂ. ഫൈബര്‍ ബേസിക്ക് പ്ലാന്‍ പ്രതിമാസം 599 രൂപയുടേതും പ്രീമിയം പ്ലസ് 1,277 രൂപയുടേതുമാണ്.

ബിഎസ്‌എന്‍എല്‍ ഫൈബര്‍ ബേസിക്ക് പ്ലസ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നികുതി ഒഴിച്ചാല്‍ പ്രതിമാസം 599 രൂപ നല്‍കേണ്ടിവരുന്ന പ്ലാന്‍ ആണ് ബിഎസ്‌എന്‍എല്‍ ഫൈബര്‍ ബേസിക്ക് പ്ലസ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍. ഈ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് 60 എംബിപിഎസ് വരെ ഡൗണ്‍ലോഡിങ് അല്ലെങ്കില്‍ അപ്‌ലോഡിങ് വേഗതയും 3,300 ജി ബി വരെ ഡാറ്റയുമാണ് ബി എസ് എന്‍ എല്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ 2 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. പരിധികളില്ലാതെ വോയിസ് കോളിങിനുള്ള അവസരവും ഈ പ്ലാനിന്റെ ഭാഗമായി ബിഎസ്‌എന്‍ എല്‍ നല്‍കുന്നു.

ബിഎസ്‌എന്‍എല്‍ ഫൈബര്‍ പ്രീമിയം പ്ലസ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നികുതി ഒഴിച്ച്‌ 1,277 രൂപയ്ക്കാണ് ബിഎസ്‌എന്‍എല്‍ ഫൈബര്‍ പ്രീമിയം പ്ലസ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ലഭ്യമാവുക. 200 എംബിപിഎസ് വരെ വേഗതയും 3,300 ജി ബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നിശ്ചിത ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 15 എംബിപിഎസ് ആയി കുറയുന്നു.

ബിഎസ്‌എന്‍എല്‍ നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന രണ്ട് പ്ലാനുകള്‍ ഇവയാണ്. ഉപേക്ഷിച്ച പ്ലാനുകളില്‍ ഒന്നായ ഫൈബര്‍ ബേസിക്ക് പ്ലാന്‍ പ്രതിമാസം 499 രൂപയ്ക്കായിരുന്നു ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നത്. 30 എംബി പിഎസ് വരെ വേഗതയും 3,300 ജി ബി ഡാറ്റയും നല്‍കിയിരുന്ന ആ പ്ലാന്‍ സാധാരണക്കാര്‍ക്ക് മികച്ച ഫൈബര്‍ ഇന്റര്‍നെറ്റ് സേവനമായിരുന്നു. ഉപേക്ഷിച്ച പ്ലാനുകള്‍ ഡിസംബര്‍ 29 മുതല്‍ നിര്‍ത്താനായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച്‌ 2021 ഏപ്രില്‍ 4 വരെ നീട്ടുകയായിരുന്നു.