29 March 2024 Friday

മാസം 12 ലക്ഷം രൂപയുടെ മൊബൈൽ ബിൽ! എയര്‍ടെല്ലിനു പിഴയിട്ട് കോടതി

ckmnews

മാസം 12 ലക്ഷം രൂപയുടെ  മൊബൈൽ ബിൽ! എയര്‍ടെല്ലിനു പിഴയിട്ട്   കോടതി 

പരമാവധി പോസ്റ്റ് പെയ്ഡ് ബില്ല് 9,100 രൂപ എന്നു നിജപ്പെടുത്തിയിരുന്നിട്ടും ബെംഗളൂരു സ്വദേശിക്ക് എയര്‍ടെല്‍ നല്‍കിയത് 12,18,732 രൂപയുടെ ബില്ല്! ബില്ല് കണ്ട് തനിക്ക് ഹൃദയാഘാതം വന്നുവെന്നു കാണിച്ചാണ് വരിക്കാരനായ മെല്‍വിന്‍ ജോണ്‍ തോമസ് ശാന്തിനഗറിലെ ജില്ലാ ഉപഭോക്തൃപ്രശ്‌ന പരിഹാര കോടതിയല്‍ 2016 ഡിസംബര്‍ 12ന് കേസു കൊടുത്തത്. ഈ കേസിലാണ് കോടതി ഇപ്പോള്‍ വധി പറഞ്ഞിരിക്കുന്നത്. എയര്‍ടെല്‍ പരമാവധി 9,100 രൂപയെ വാങ്ങാവൂവെന്നും ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും 5000 രൂപ കോടതി ചെലവായി നല്‍കണമെന്നുമാണ് വിധി.


കേസ് ഇങ്ങനെ: മെല്‍വിന്‍ ജോലി ചെയ്തിരുന്ന കമ്പനി കോര്‍പറേറ്റ് അക്കൗണ്ടിന്റെ ഭാഗമായി ഒരു എയര്‍ടെല്‍ സിം  നല്‍കിയിരുന്നു. ജോലിയുടെ ഭാഗമായി ഉപയോക്താവിന് ചൈനയില്‍ പോകേണ്ടി വന്നിരുന്നു. മെല്‍വിന്‍ 2016 ഒക്ടോബറില്‍ ചൈനയിലേക്കു പോകുന്നതിനു മുൻപായി എയര്‍ടെല്ലിനെ വിളിച്ച് തനിക്ക് ഇന്റര്‍നാഷല്‍ ഡേറ്റാ റോമിങ് ആക്ടിവേറ്റു ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ഇത് ആക്ടിവേറ്റു ചെയ്തതായി തനിക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ ഉൾപ്പടെ ഒന്നും ലഭിച്ചില്ലെന്നു മെല്‍വിന്‍ പറയുന്നു. 2016 ഒക്ടോബര്‍ 29 മുതല്‍ നവംബർ 2 വരെ മാത്രമായിരുന്നു ചൈനാ സന്ദര്‍ശനം. ഇതടക്കം പ്രതിമാസ ഉപയോഗത്തിന് എയര്‍ടെല്‍ നല്‍കിയത് 12,14,566 രൂപയുടെ ബില്ല്! ഈ ബില്ലു കണ്ട് തനിക്ക് ഹൃദയാഘാതം വന്നുവെന്നാണ് മെല്‍വിന്‍ പറയുന്നത്. എഎസ്എംഎസ് ആയി ലഭിച്ച ബില്ലിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചു. തുടര്‍ന്ന് അവര്‍ തുക അല്‍പം കൂടി വര്‍ധിപ്പിച്ച് പുതിയ ബില്ലു നല്‍കി - 12,18,732 രൂപ! അതേസമയം, തന്റെ പ്ലാനില്‍ പരമാവധി ഉപയോഗിക്കാവുന്നത് 9,100 രൂപയ്ക്കുള്ള സേവനങ്ങളാണെന്നിരിക്കെ എങ്ങനെയാണ് ഇത്ര വലിയ ബില്ല് അടിച്ചു നല്‍കുന്നതെന്ന് മെല്‍വിന്‍ കമ്പനിയോടു ചോദിച്ചു.


ചൈനാ സന്ദര്‍ശനവേളയില്‍ താന്‍ മുഖ്യമായും വൈ-ഫൈ ഡേറ്റയാണ് ഉപയോഗിച്ചതെന്നും കമ്പനിയെ ധരിപ്പിക്കാന്‍ മെല്‍വിന്‍ ശ്രമിച്ചു. ഇതിന്റെയെല്ലാം ഫലമായി കമ്പനി ബില്ല് ഒന്നുകൂടി പുതുക്കി അയച്ചു. ഇത്തവണ 5,22,407 രൂപ അടച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. ഈ കമ്പനിയോട് വാദിച്ചിട്ടു കാര്യമില്ലെന്നു കണ്ട മെല്‍വിന്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. തോമസിന്റെ വക്കീല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ എയര്‍ടെല്ലിന്റെ വക്കീല്‍ വാദിച്ചത് ഈ കേസ് ഇങ്ങനെ തീര്‍പ്പാക്കാന്‍ പറ്റില്ല, ഇതൊരു കോര്‍പറേറ്റ് പ്ലാനിന്റെ ഭാഗമായുള്ള ബില്ലാണ് എന്നാണ്. ചൈന സന്ദര്‍ശന വേളയില്‍ തന്റെ ഡേറ്റാ അറിയാതെ ആക്ടിവേറ്റു ചെയ്തിട്ടിരുന്നിരിക്കാം അതുകൊണ്ടായിരിക്കാം 12,18,732 ബില്ലു വന്നത്. അത് തങ്ങള്‍ കുറച്ച് 5,22,407 ആക്കി നല്‍കിയിട്ടുണ്ടെന്നും, ഹൃദയാഘാതമൊക്കെ വെറും കെട്ടുകഥയാണെന്നും കോടതിയോടു പറഞ്ഞു.


ഇതേ തുടര്‍ന്നാണ് ജഡ്ജി പറഞ്ഞത് തോമസിന് നല്‍കാവുന്ന പരമാവധി ബില്ല് 9,100 രൂപയ്ക്കുളളതാണെന്ന്. കൂടാതെ, തനിക്ക് പരമാവധി ഉപയോഗപരിധിയുടെ 70 ശതമാനം എത്തുമ്പോള്‍ ഉപഭോക്താവിനെ അറിയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റമര്‍ എയര്‍ടെല്‍ പറഞ്ഞ രീതിയില്‍ ഡേറ്റ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആദ്യം നൽകിയ 12,18,732 രൂപയുടെ ബില്ല് കുറച്ച് 5,22,407 രൂപ ആക്കിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഇത്തരം ബില്ലു കിട്ടുമ്പോള്‍ ചിലര്‍ മാത്രമാണ് കോടതിയെ സമീപിക്കുന്നതെന്നും, കൂടുതല്‍ പേരും അത് എങ്ങനെയെങ്കിലും അടച്ച് തലവേദന ഒഴിവാക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും നിരീക്ഷണമുണ്ടായി. എന്തായാലും 5,22,407 രൂപയൊന്നും വാങ്ങേണ്ടന്നും 9,100 രൂപ കൊണ്ട് തൃപ്തിപ്പെടാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.