23 April 2024 Tuesday

തൃത്താലപ്പോരിന് കൊട്ടിക്കലാശം ;വ്യക്തി അധിക്ഷേപത്തിൻറെ പേരിൽ വാഗ്വാദവുമായി വിടി ബൽറാമും എം ബി രാജേഷും

ckmnews

പാലക്കാട്: ശക്തമായ ത്രികോണ മത്സരം കലാശക്കൊട്ടിലേക്ക് കടക്കുമ്പോഴും തൃത്താലയിലെ പോരാട്ടച്ചൂടിന് കുറവൊന്നും ഇല്ല. മണ്ഡലത്തിലെ രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് സൈബര്‍ ഇടത്തിൽ പോലും വലിയ ചര്‍ച്ചയാണ് തൃത്താല തെരഞ്ഞെടുപ്പ്. വ്യക്തി കേന്ദ്രീകൃതമായ അധിക്ഷേപങ്ങൾക്ക് ഏറ്റവും അധികം ഇരയായ ആളാണ് താനെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎൽഎയുമായ വിടി ബൽറാമിന്‍റെ പ്രതികരണം. വിവാദങ്ങൾ ഉണ്ടാക്കി അധിക്ഷേപിച്ച് മാറ്റിനിർത്താനാണ് സിപിഎം എപ്പോഴും ശ്രമിക്കുന്നതെന്നും അത് മണ്ഡലത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും വിടി ബൽറാം പറയുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് 

വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതും ശീലിച്ചിട്ടില്ലെന്നും അത് രീതിയല്ലെന്നുമാണ് എംബി രാജേഷിന്‍റെ മറുപടി. വിടി ബൽറാമിന്‍റെ അധിക്ഷേപത്തിനിരയായ സാഹിത്യകാരൻമാരുടെ കൂട്ടായ്മയാണ് തൃത്താലയിൽ സംഘടിപ്പിച്ചത്. ഇരകളുടെ സംഗമം ആയി മാത്രം അതിനെ കണ്ടാൽ മതി. വ്യക്തി കേന്ദ്രീകൃതമായ അധിക്ഷേപങ്ങൾക്ക് അപ്പുറം മണ്ഡലത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ ഊന്നിയായിരുന്നു പ്രചാരണമെന്നും എംബി രാജേഷ് പറയുന്നു. 

2011ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെുത്തത്. രണ്ട് തവണയായി ജയിച്ച് കയറുന്ന തൃത്താല നിലനിര്‍ത്തുമെന്ന് വിടി ബൽറാമും ഇടത് അനുഭാവം പതിറ്റാണ്ടുകളായി പ്രകടിപ്പിച്ചിരുന്ന മണ്ഡലം തിരിച്ച് പിടിക്കുകയാണ് ലക്ഷ്യമെന്ന് എംബി രാജേഷും പറയുന്നു. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി. 

തുടർന്ന് വായിക്കാം: 'രാജേഷ് ആയതു കൊണ്ട് തെറി വിളിക്കുമെന്നു പേടിയില്ല'; തൃത്താല സ്ഥാനാര്‍ത്ഥികളെ കുറിച്ച് കെ ആര്‍ മീര...