28 March 2024 Thursday

പരസ്യപ്രചാരണം നാളെ തീരും:വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം

ckmnews


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. സംസ്ഥാനത്ത് കനത്തജാഗ്രതക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം. പ്രചരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനം. 


ചൊവ്വാഴ്ച വോട്ടെടുപ്പിലേക്കു നീങ്ങുന്നതിന് മുന്നോടിയായി കര്‍ശനമായ നിരീക്ഷണമാണ് എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അതിര്‍ത്തികളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പണം, മദ്യം , ആയുധങ്ങള്‍ എന്നിവയുടെ കടത്ത് ഉണ്ടോ എന്നറിയാന്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊലീസിനും കേന്ദ്ര സേനകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് റാലികള്‍ നിരോധിച്ചു. 


പരസ്യപ്രചരണം അവസാനിക്കുമ്പോഴുള്ള കലാശക്കൊട്ടും റദ്ദാക്കി. കോവിഡ്  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗജന്യഭക്ഷണ വിതരണം, പാരിതോഷികങ്ങളുടെ വിതരണം എന്നിവ അനുവദിക്കില്ല.  പരസ്യപ്രചരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്തവര്‍ അവിടെ നിന്ന് മാറണം. പരസ്യപ്രചരണം അവസാനിച്ചാല്‍ പോളിംങ് തീരും വരെ ഉച്ചഭാഷണികളോ മൈക്കോ ഉപയോഗിച്ചുള്ള ഒരു പ്രചരണവും പാടില്ല. ഗസ്റ്റ് ഹൗസുകള്‍ പ്രത്യേകം നിരീക്ഷിക്കും. 


രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവിടങ്ങളില്‍ ഒത്തുചേരരുത്. വോട്ടെടുപ്പ് ദിവസം ബൂത്തിന്‍റെ നൂറ് മീറ്റര്‍പരിധിയില്‍ കൊടിതോരണങ്ങളോ പ്രചരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കാന്‍പാടില്ല. സ്ഥാനാര്‍ഥിയോ ഏജന്‍റോ വോട്ടര്‍മാരെ വാഹനത്തില്‍ ബൂത്തിലെത്തിക്കരുത്. പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അതാത് മണ്ഡലങ്ങളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഇവര്‍ പോളിംങ് സാമഗ്രികള്‍ ഏറ്റുവാങ്ങും. 


പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാൻ മുന്നണികളും സ്ഥാനാർഥികളും നെട്ടോട്ടം തുടരുകയാണ്. വോട്ടുപിടിക്കാൻ അണികൾക്ക് പുറമെ സ്ഥാനാർഥികളുടെ വീട്ടുകാരും ബന്ധുക്കളും  കളത്തിലുണ്ട്. പരസ്യപ്രചാരണം ഞായറാഴ്ച വരെ ഉണ്ടെങ്കിലും മിക്ക സ്ഥാനാർഥികളും ഈസ്റ്റര്‍ കണക്കിലെടുത്ത് കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റി.കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി മിനർവ മോഹന് പൂഞ്ഞാറിലുള്ള സ്വന്തം ചായക്കടയിലിരുന്ന് വോട്ടുപിടിക്കുകയാണ് ഭർത്താവ് മോഹൻ. പതിനേഴ് വർഷമായി പെരിങ്ങുളം കവലയിലാണ് ജനപ്രിയ ചായക്കടയുടെ പ്രവർത്തനം.പൂഞ്ഞാറിലെ വോട്ടർമാരുടെ സുഹൃത്തുക്കളും ബന്ധുക്കളും കോട്ടയം മണ്ഡലത്തിലെ വോട്ടർമാരായുണ്ട്.ഇവരിലേക്ക്  വോട്ടഭ്യർഥന നീളും.  പൂഞ്ഞാർ തെക്കേക്കര  പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ഭാര്യ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞാണ് ഭർത്താവിൻ്റെ വോട്ടുപിടുത്തം. 


സമാനമായി വോട്ടുറപ്പിക്കാനുള്ള മാർഗങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയാണ് മറ്റ് സ്ഥാനാർഥികളും. ഞായറാഴ്ച ഈസ്റ്റർ പ്രമാണിച്ചാണ് കലാശക്കൊട്ട്  മിക്ക സ്ഥാനാർഥികളും നേരത്തെയാക്കിയത്. പൂഞ്ഞാർ മണ്ഡലത്തിലുടനീളം കാര്‍റാലിയാണ് പി.സി ജോർജ് പ്ലാൻ ചെയ്തിട്ടുള്ളത്. കടുത്തുരുത്തിയിലും കോട്ടയത്തും എൻഡിഎ സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച്  കേന്ദ്രമന്ത്രി നിർമല സീതാരാമൻ റോഡ് ഷോയിൽ പങ്കെടുക്കും. കലാശക്കൊട്ട് ഒഴിവാക്കിയ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ ആ തുകയ്ക്ക് നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചു.