29 March 2024 Friday

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുളള പച്ചക്കറി; വില കിലോയ്ക്ക് ഒരു ലക്ഷം

ckmnews

ഒരു ലക്ഷം രൂപ വിലയുള്ള പച്ചക്കറി എന്ന കേട്ട് ഞെട്ടിയിരിക്കുകയാണ് നിങ്ങളെങ്കില്‍, കേട്ടോളു..സംഗതി കള്ളമല്ല, പച്ചയായ സത്യമാണ്.. 'ഹോപ് ഷൂട്ട്‌സ്' എന്നാണ് ഈ പച്ചക്കറിയുടെ പേര്. അടിസ്ഥാനപരമായി പൂച്ചെടികളോട് സാദൃശ്യമുള്ള ചെടികളാണ് 'ഹോപ്'. ഇതിന്റെ പല ഭാഗങ്ങളും പല ഉപയോഗങ്ങള്‍ക്ക് ഉപകരിക്കുന്നവയാണ്.എന്നാല്‍ ഇതിന്റെ 'ഹോപ് ഷൂട്ട്‌സ്' എന്ന ഭാഗമാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്.

ഇത് സൂക്ഷ്മമായി മനുഷ്യര്‍ തന്നെ കൈ കൊണ്ട് നുള്ളിയെടുത്താണ് ശേഖരിക്കേണ്ടത്. ഇതിന്റെ കൃഷിരീതിയും ഉത്പന്നമാക്കി ഇതിനെ എടുക്കാനുള്ള ബുദ്ധിമുട്ടും, ഗുണങ്ങളും എല്ലാം കൂടി വരുമ്ബോഴാണ് ഇത്രയും വില വരുന്നതത്രേ.

ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഹോപ് ഷൂട്ട്‌സിന് അര്‍ബുദവും ക്ഷയരോഗവും മാറ്റാന്‍ നൈസര്‍ഗികമായ ശേഷിയുണ്ട്. ഈ പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് ചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും വര്‍ധിപ്പിക്കാനാവും. കൂടാതെ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ അകറ്റി മാനസികാരോഗ്യം വര്‍ധിപ്പിക്കാനും ഹോപ് ഷൂട്ട്‌സിന് കഴിവുണ്ട്.

ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ അത്ര സുലഭമല്ലാത്ത ഈ പച്ചക്കറി പ്രത്യേക ആവശ്യപ്രകാരം മാത്രമാണ് ഇന്ത്യയിലെ വിപണിയില്‍ എത്തിച്ചിരുന്നത്. ഏറെ സമയമെടുത്താണ് ഇത് ഡെലിവറി ചെയ്യുന്നതും. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയിലും ഇത് കൃഷിചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതാദ്യമായി കൃഷി ചെയ്തിരിക്കുന്നത് ബീഹാറിലെ അമരേഷ് സിംങ് എന്ന മുപ്പത്തിയെട്ടുകാരനാണ്.

വരാണസിയിലെ 'ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നാണത്രേ അമരേഷ് 'ഹോപ്' ചെടികളുടെ തൈ ശേഖരിച്ചത്. തുടര്‍ന്ന് തന്റെ കൃഷിയിടത്തില്‍ ആവശ്യമായ പരിചരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കിക്കൊണ്ട് കൃഷി നടത്തുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് അമരേഷ് 'ഹോപ് ഷൂട്ട്‌സ്' കൃഷിക്കായി നിക്ഷേപിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സാധാരണക്കാര്‍ ഹോപ് ഷൂട്ട്‌സ് വാങ്ങാനിടയില്ലെങ്കിലും ഇന്ത്യയിലെ കര്‍ഷകരുടെ തലവര തന്നെ മാറ്റാനിടയുള്ള ഒരു കാര്‍ഷികവിളയായാണ് ഹോപ്.അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇതിലേക്ക് തിരിയണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്.