29 March 2024 Friday

വനംവകുപ്പ് ഓഫീസില്‍ മൂര്‍ഖന്‍ പാമ്ബിന്‍ മുട്ടകള്‍ വിരിഞ്ഞു; കുട്ടികള്‍ 35

ckmnews

മുട്ടയുടെ തോട് പൊട്ടിച്ച്‌ പുറത്തേക്ക് വന്നത് 35 മൂര്‍ഖന്‍ പാമ്ബിന്‍ കുട്ടികള്‍. സംഭവം വനംവകുപ്പ് ഓഫീസില്‍. പാറമ്ബുഴ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗമാണ് പാമ്ബിന്‍കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. ഫെബ്രുവരി 15ന് നാട്ടകം മറിയപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍പാമ്ബിനെയും 35 മുട്ടകളും കിട്ടിയത്.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് പ്രൊട്ടക്ഷന്‍ വാച്ചര്‍ കെ.എ. അഭീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാമ്ബിനെ പിടിച്ചത്. പാമ്ബിനെ അന്നു തന്നെ കാട്ടില്‍ തുറന്നുവിട്ടു. മുട്ടകള്‍ ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ച ചില്ലുക്കൂട്ടില്‍ സൂക്ഷിക്കുകയായിരുന്നു. ചൂട് ക്രമീകരിച്ചു നല്‍കുകയും ചെയ്തു. മാര്‍ച്ച്‌ 25ന് വൈകിട്ട് അഞ്ചോടെ മുട്ടകളില്‍ ഒന്നു പൊട്ടി ആദ്യ പാമ്ബിന്‍കുഞ്ഞ് പുറത്തു വന്നു. പിന്നെയുള്ള ദിവസങ്ങളിലായി ബാക്കിയുള്ള മുട്ടകളും വിരിഞ്ഞു. 38 ദിവസമാണ് മുട്ടകള്‍ വനംവകുപ്പ് ഓഫീസില്‍ സൂക്ഷിച്ചത്. സാധാരണ മൂര്‍ഖന്‍ പാമ്ബിന്റെ മുട്ടകള്‍ വിരിയാന്‍ 60 മുതല്‍ 72 വരെ ദിവസങ്ങള്‍ വേണ്ടി വരാറുണ്ട്.

ഇന്നലെ വൈകിട്ട് എരുമേലിക്കു സമീപമുള്ള കാട്ടില്‍ പാമ്ബിന്‍കുഞ്ഞുങ്ങളെ തുറന്നുവിട്ടു. പാമ്ബിന്‍കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ആവാസവ്യവസ്ഥയുള്ള സ്ഥലം കണ്ടെത്തിയാണ് തുറന്നു വിട്ടതെന്ന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്. സനീഷ്, ദിവ്യ എസ്. രമണന്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍ കെ.എ. അഭീഷ് എന്നിവര്‍ പറഞ്ഞു. അപകടത്തില്‍പെടുന്ന വന്യജീവികളെ രക്ഷപ്പെടുത്തുകയും പരിക്കേല്‍ക്കുന്ന ജീവികളെ ചികിത്സിച്ച്‌ ഭേദമാക്കി കാട്ടിലേക്ക് വിടുകയും ചെയ്യുകയാണ് വനംവകുപ്പിന്റെ പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റെ ചുമതല.