24 April 2024 Wednesday

കേന്ദ്രം പച്ചക്കൊടി കാട്ടിയെന്ന് സൂചന; യുവാക്കളുടെ ഹരമായ പബ്ജി തിരിച്ചെത്തും

ckmnews

കേന്ദ്രം പച്ചക്കൊടി കാട്ടിയെന്ന് സൂചന; യുവാക്കളുടെ ഹരമായ പബ്ജി തിരിച്ചെത്തും


ന്യൂഡൽഹി ∙ അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജി (പ്ലയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട്സ്) തിരികെ വന്നേക്കും. പബ്ജി മൊബൈൽ ഇന്ത്യയിൽ പുനരവതരിപ്പിക്കാൻ മാതൃ കമ്പനിയായ ക്രാഫ്റ്റണിനു കേന്ദ്ര സർക്കാർ അനുമതി നൽകിയതായി സൂചനയുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം സർക്കാരിന്റെയും പബ്ജിയുടെയോ ഭാഗത്തിനിന്നു വന്നിട്ടില്ല.പബ്ജി മൊബൈലും അനുബന്ധ ഉള്ളടക്കങ്ങളുമുള്ള യുട്യൂബ് ചാനൽ നടത്തുന്ന ഗോഡ് നിക്സൺ എന്ന ലവ് ശർമയാണു വാർത്ത പുറത്തുവിട്ടത്. പബ്ജി മൊബൈൽ പുനരാംരഭിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഗ്രീൻ സിഗ്നൽ നൽകിയെന്നു ഗോഡ്നിക്സൺ തന്റെ വിഡിയോയിൽ വെളിപ്പെടുത്തി. സർക്കാർ പച്ചക്കൊടി കാട്ടിയെങ്കിലും കൃത്യമായ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. പക്ഷേ ഗെയിം തീർച്ചയായും മടങ്ങിവരും– യൂട്യൂബർ പറഞ്ഞു.

പബ്ജി മൊബൈൽ ഇന്ത്യയെ യാഥാർഥ്യമാക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നു മാത്രമാണു ക്രാഫ്റ്റൺ പറയുന്നത്. ‘കൂടുതലൊന്നും അറിയാത്തതിനാൽ വീണ്ടും റിലീസ് ചെയ്യുന്നതിന്റെ സമയമോ മറ്റോ പറയാൻ കഴിയില്ല. ഞങ്ങൾ ഇന്ത്യൻ വിപണിയെ വളരെയധികം ശ്രദ്ധിക്കുന്നു എന്നേ ഇപ്പോൾ പറയാനാവൂ. ഇവിടെ തിരിച്ചെത്താൻ കഠിനമായി പരിശ്രമിക്കും’– ഇന്ത്യ ഗെയിമിങ് കോൺഫറൻസിൽ ക്രാഫ്റ്റണിലെ കോർപ്പറേറ്റ് വികസന മേധാവി സീൻ ഹ്യൂനിൻ പ്രതികരിച്ചു.