28 March 2024 Thursday

കേരളത്തിൽ കുടുങ്ങിയ 140 സൗദിപൗരന്മാർ ഇന്ന് തിരികെ പോകും, സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് ഇവർ മടങ്ങുന്നത്

ckmnews


കോഴിക്കോട്/ മലപ്പുറം:

കേരളത്തിൽ കുടുങ്ങിയ 140 സൗദിപൗരന്മാർ ഇന്ന് തിരികെ പോകും. മൂന്ന് മാസങ്ങൾക്ക് മുമ്പ് ചികിത്സാ ആവശ്യാർഥം കേരളത്തിലെത്തിയ സൗദി പൗരന്മാരാണ് ലോക്ഡൗണിനെ തുടർന്ന് കോഴിക്കോട്,  മലപ്പുറം ജില്ലകളിലായി കുടുങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി സർക്കാർ നേരിട്ട് ഇടപെട്ട് ഇവരെ ഹോട്ടലുകളിലും മറ്റും സുരക്ഷിതമായി താമസിപ്പിച്ച് വരികയായിരുന്നു. 100 ഓളം ആളുകൾ കോഴിക്കോട്ടെ ഹോട്ടലിലും ബാക്കിയുള്ളവർ മലപ്പുറം കോട്ടക്കലിലുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് ഇവരെ തിരികെ കൊണ്ടുപോകാനുള്ള ശ്രമം സൗദി ഭരണകൂടം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റുള്ള ഏജൻസികളുടേയും പ്രത്യേക അനുമതി നേടിയതിന് ശേഷം പാസുകൾ സംഘടിപ്പിച്ചതോടെയാണ് ഇവർക്ക് തിരികെ പോകാനുളള വഴി തുറന്നത്. ഇതിന് പിന്നാലെ കോവിഡ ടെസ്റ്റുകൾ നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ പ്രത്യേക വാഹനത്തിൽ ഇവരെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. ഇന്ന വൈകീട്ടോടെ സൗദി വിമാനം കരിപ്പൂരിൽ നിന്നും മടങ്ങും. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരിക്കെയാണ് കേരളത്തിൽ കുടുങ്ങിയ സൗദിപൗരന്മാർ തിരികെ പോകുന്നത്.