20 April 2024 Saturday

കടുത്ത കോച്ച് ക്ഷാമം; പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുന്നത് കേരളത്തിൽ വൈകും

ckmnews



കൊച്ചി ∙ കോവിഡിനു തുടർന്നു നിർത്തിവച്ച പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതു സംസ്ഥാനത്തു വീണ്ടും വൈകാൻ സാധ്യത. കടുത്ത കോച്ച് ക്ഷാമമാണു കേരളത്തിലെ രണ്ടു റെയിൽവേ ഡ‍ിവിഷനുകളും നേരിടുന്നത്. 20 വർഷം പഴക്കമുള്ള കോച്ചുകൾ ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ ഉണ്ടായിരുന്ന പാസഞ്ചർ റേക്കുകൾ പലതും കണ്ടംചെയ്യാനായി മാറ്റിയിരിക്കുകയാണ്.

പാസഞ്ചറിനു പകരം മെമു ട്രെയിനുകൾ നൽകുമെന്നു പറയുന്നുണ്ടെങ്കിലും 8 റേക്കുകൾ തിരുവനന്തപുരം ഡിവിഷനു മാത്രം വേണം. ഇതിൽ 4 റേക്കുകൾ ഈ വർഷം ലഭിക്കുമെന്നാണ് സൂചന. പിൻവലിച്ച പഴയ കോച്ചുകളിൽ ജനറൽ കോച്ചുകൾക്കു പുറമേ ധാരാളം തേഡ് എസി കോച്ചുകളുമുണ്ട്.

കന്യാകുമാരി–പുണെ ജയന്തി, കൊച്ചുവേളി–മംഗളൂരു അന്ത്യോദയ, കൊച്ചുവേളി–ലോകമാന്യതിലക് ബൈവീക്ക്‌ലി, എറണാകുളം–നിസാമുദീൻ മില്ലേനിയം, തിരുവനന്തപുരം–നിസാമുദീൻ സ്വർണ ജയന്തി, കൊച്ചുവേളി–അമൃത്‌സർ, കൊച്ചുവേളി–ചണ്ഡിഗഡ് സമ്പർക്ക ക്രാന്തി, കൊച്ചുവേളി–ഭാവ്‌നഗർ തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ ഇനിയും സർവീസ് ആരംഭിച്ചിട്ടില്ല.പിൻവലിച്ച കോച്ചുകൾക്ക് ആനുപാതികമായി പുതിയ കോച്ചുകൾ ഇനിയും കേരളത്തിനു ലഭിക്കേണ്ടതുണ്ട്. പൂർണമായും എൽഎച്ച്ബി കോച്ചുകളിലേക്കു മാറുകയാണെന്നു റെയിൽവേ പ്രഖ്യാപിക്കുമ്പോഴും തിരുവനന്തപുരം ഡിവിഷനിൽ കൊച്ചുവേളിയിൽ മാത്രമാണ് എൽഎച്ച്ബി റേക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. കേരള എക്സ്പ്രസ് 5 റേക്കുകൾ കൊണ്ടു ഒാടിച്ചു ലാഭം ഉണ്ടാക്കാമെങ്കിലും മെക്കാനിക്കൽ വിഭാഗത്തിന്റെ പിടിപ്പുകേട് കൊണ്ടു ഇതുവരെ സാധിച്ചിട്ടില്ല.

കൊച്ചുവേളിയിൽ കേരളയുടെ അറ്റകുറ്റപ്പണി തുടരുന്നതിനാലാണ് 6 റേക്ക് ഇപ്പോഴും വേണ്ടി വരുന്നത്. എന്നാൽ തിരുവനന്തപുരം സെൻട്രലിൽ ആധുനിക പിറ്റ്‌ലൈൻ സൗകര്യം ഏർപ്പെടുത്തിയാൽ അറ്റകുറ്റപ്പണി അവിടേക്കു മാറ്റി ഒരു റേക്ക് ലാഭിക്കാൻ കഴിയും. ഒഴിവാക്കുന്ന റേക്ക് മറ്റ് ഏതെങ്കിലും സർവീസിന് ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനുകൾ ആധുനികവൽക്കരിക്കാൻ മെക്കാനിക്കൽ വിഭാഗം നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.     

എറണാകുളത്തും ആധുനിക എൽഎച്ച്ബി കോച്ചുകളുടെ പ്രാഥമിക അറ്റകുറ്റപ്പണി സൗകര്യം ഇല്ല. പൂർണമായും എൽഎച്ച്ബിയിലേക്കു റെയിൽവേ മാറുമ്പോൾ  ഒരിടത്തു മാത്രമേ എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യൂവെന്ന മെക്കാനിക്കൽ വിഭാഗത്തിന്റെ അനാവശ്യ പിടിവാശിയാണു കാര്യങ്ങൾ വഷളാക്കുന്നത്.എറണാകുളത്തെ മൂന്നാം പിറ്റ്‌ലൈൻ നിർമാണം പൂർത്തിയായെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ല. ഓരോ കാരണങ്ങൾ പറഞ്ഞു മെക്കാനിക്കൽ വിഭാഗം ഇതു നീട്ടിക്കൊണ്ടു പോവുകയാണ്. ഒൗദ്യോഗിക ചടങ്ങ് നടന്നില്ലെങ്കിലും റേക്കുകൾ ഇവിടെ റിപ്പയർ ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

പുതിയ പിറ്റ്‌ലൈൻ ഉപയോഗിച്ചു 8 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാമെങ്കിലും എറണാകുളം ജംക്‌ഷൻ സ്റ്റേഷനിലെ പരിമിതികളാണു മറ്റൊരു വെല്ലുവിളി. ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനുകൾക്കു വെള്ളം പിടിക്കാനുള്ള സൗകര്യം ആയിട്ടില്ല. പണി തുടങ്ങിയിട്ട് ഒരു വർഷമായെങ്കിലും ഇലക്ട്രിക് കേബിളിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തർക്കമാണു പണി വൈകിക്കുന്നത്.

ഇലക്ട്രിക് വിഭാഗത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പണി നീളാൻ കാരണം. ഇത്തരം നിസ്സാര പ്രശ്നങ്ങളിൽ കുരുങ്ങി പുതിയ ട്രെയിനുകളോ ഉള്ള സർവീസുകളുടെ എണ്ണം കൂട്ടാനോ തിരുവനന്തപുരം ഡിവിഷനിൽ കഴിയുന്നില്ല. സ്റ്റേഷനിൽ 24 കോച്ചുകൾ നിർത്താൻ കഴിയുന്ന രീതിയിൽ 2 പ്ലാറ്റ്ഫോമുകളുടെ നീളം അടിയന്തരമായി കൂട്ടണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിന്റെ ഇൻസ്പക്‌ഷൻ റിപ്പോർട്ടിലുണ്ടെങ്കിലും ഡിവിഷൻ ചെയ്തിട്ടില്ല.

ഈ വിഷയത്തിൽ ദക്ഷിണ റെയിൽവേ  ജനറൽ മാനേജരുടെ നിലപാടിനു വിരുദ്ധമാണു ഡിവിഷനിലെ ഉന്നതരുടെ നിലപാട്. പാലക്കാട് ഡിവിഷനിലാകട്ടെ ഇതുവരെ ട്രെയിനുകൾക്കു എൽഎച്ച്ബി കോച്ചുകൾ ലഭിച്ചിട്ടില്ല. നാഗർകോവിൽ–മംഗളൂരു പരശുറാം, കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി, എറണാകുളം–പട്ന എന്നിവയ്ക്കാണ് എൽഎച്ച്ബി കോച്ചുകൾ അടിയന്തരമായി വേണ്ടത്. ഇതിൽ പട്ന മാത്രമേ ഇപ്പോൾ പട്ടികയിലുള്ളൂ.

കേരളത്തിനു കൂടുതൽ ട്രെയിൻ സർവീസുകൾ ലഭിക്കണമെങ്കിൽ കൊച്ചുവേളി യാഡ് വികസനവും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ 2 പ്ലാറ്റ്ഫോം, ഒരു സ്റ്റേബിളിങ് ലൈൻ, സിഗ്‌നൽ നവീകരണം എന്നിവ ഒരുമിച്ചു നടപ്പാക്കുന്നതിനു ഡിവിഷൻ താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പകരം ഒാരോന്നായി ചെയ്തു കാലം കഴിക്കാനാണ് അധികൃതർക്കു താൽപര്യം.

എല്ലാ ജോലിയും ഒറ്റയടിക്കു തീർത്താൽ  ട്രെയിനോടിക്കാതിരിക്കാൻ പുതിയ കാരണം കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥരെ നയിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പുതിയ ത്രീ ഫേസ് മെമു ട്രെയിനുകളിൽ 12 കോച്ചുകൾ ഉള്ളവ ഒാടിക്കാൻ കേരളത്തിൽ ഇനിയും അനുമതിയില്ല.

അനുമതി വാങ്ങേണ്ടവർ ഡിവിഷനുകളിലും സോണുകളിലും ഉറങ്ങുകയാണ്. ഇവിടെ ഇങ്ങനെയൊക്കെ മതിയെന്ന ചില ഉദ്യോഗസ്ഥരുടെ മാനസിക നിലയാണു പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരാൻ കാരണം. അടിയന്തരമായി കേന്ദ്ര റെയിൽവേ മന്ത്രാലയമോ സംസ്ഥാന സർക്കാരോ വിഷയങ്ങളിൽ ഇടപെടണമെന്നാണു യാത്രക്കാരുടെ സംഘടനകളുടെ ആവശ്യം