19 April 2024 Friday

രജിസ്റ്റർ ചെയ്യാത്ത വാണിജ്യ എസ്.എം.എസുകൾ ഒന്നുമുതൽ ഒഴിവാക്കാൻ ട്രായ് നിർദേശം

ckmnews


മുംബൈ: വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്നുമുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്കു നിർദേശം നൽകി. മാർച്ച് എട്ടിന് ഇതു നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകൾക്കായുള്ള ഒ.ടി.പി.യുൾപ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ മരവിപ്പിക്കുകയായിരുന്നു വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളും അവയുടെ ടെംപ്ലേറ്റുകളും മുൻകൂട്ടി ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്നതാണ് പുതിയ നിർദേശത്തിന്റെ കാതൽ. ഇങ്ങനെ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ സന്ദേശങ്ങൾ ഉപഭോക്താവിന് അയക്കാതെ തടയും. സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കിലാണ് ഇത്തരത്തിൽ തടയുക. ഒന്നുമുതൽ പുതിയ നിബന്ധനകൾ പാലിക്കാത്ത കമ്പനികളുടെ എസ്.എം.എസുകൾ ഒഴിവാക്കാനാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. കമ്പനികളുടെ പ്രായോഗികബുദ്ധിമുട്ടുകൾ ആരാഞ്ഞശേഷമാണ് ഇതുനടപ്പാക്കാൻ ട്രായ് തീരുമാനിച്ചിട്ടുള്ളത്