28 March 2024 Thursday

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ. 'കുറുപ്പ്' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ckmnews

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേര്‍ന്നാണ് നിര്‍മ്മാണം

ജിതിന്‍ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.