28 March 2024 Thursday

തൃശൂര്‍ സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ തട്ടിപ്പിനിരയായ സ്വദേശിക്ക് നഷ്ടപ്പെട്ടത് 13,700 രൂപ

ckmnews

തൃശൂര്‍: സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ തട്ടിപ്പില്‍ എളനാട്ടിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13,700 രൂപ. എളനാട് തൃക്കണായ നീളംപള്ളിയാല്‍ പൂളയ്ക്കല്‍ വീട്ടില്‍ അംബിക മനോജാണ് തട്ടിപ്പിന് ഇരയായത്.

ഡല്‍ഹിയിലുള്ള ഹെര്‍ബല്‍ ഗ്രൂപ്പിന്റെ 20-ാം വാര്‍ഷികമെന്നു പറഞ്ഞായിരുന്നു ഈ മാസം വീട്ടമ്മയെ ഫോണില്‍ വിളിച്ചത്.

ഒന്നാം സമ്മാനമായി 2.5 ലക്ഷവും സ്വര്‍ണ മോതിരവുമെന്നായിരുന്നു വാഗ്ദാനം. എസ്.എം.എസ്. സന്ദേശങ്ങളുമയച്ച അംബികയ്ക്ക് തൊട്ടടുത്ത ദിവസം പോസ്റ്റലായി വിവരങ്ങളും ലഭിച്ചു. പക്ഷേ, അതോടൊപ്പമുള്ള സ്‌ക്രാച്ച്‌ കാര്‍ഡ് ചുരണ്ടി നോക്കിയപ്പോള്‍ രണ്ടാം സമ്മാനമായ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ഭാഗ്യശാലിക്കുണ്ടായത്.

അതിലുള്ള ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ സമ്മാനം ലഭിച്ചതായും പണമായോ കാറായോ സമ്മാനം വാങ്ങാമെന്നും പറഞ്ഞു. കാഷായി വാങ്ങുകയാണെങ്കില്‍ ടാക്‌സ് ആദ്യം അടയ്‌ക്കേണ്ടി വരുമെന്നും അറിയിച്ചു.

അതുപ്രകാരം 13,700 രൂപ തൊട്ടടുത്ത ദിവസംതന്നെ
ഡല്‍ഹിയിലുള്ള പവിത്രം വെങ്കിട്ടരാമന്‍ എന്നയാളുടെ പേരില്‍ എളനാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നും പണമയച്ചു. അടുത്ത ദിവസം വീണ്ടും വിളിയെത്തി. ഇനിയും 24,000 രൂപ അയച്ചാല്‍ മാത്രമേ സമ്മാനത്തുകയായ 12,40000 രൂപയുടെ ചെക്ക് അയച്ചുതരികയുള്ളൂവെന്നും ഇല്ലെങ്കില്‍ ആദ്യമടച്ച തുക തിരികെ ലഭിക്കില്ലെന്നും പറഞ്ഞു. ബാങ്ക് മാനേജരാണ് തട്ടിപ്പായിരിക്കുമെന്നും പോലീസില്‍ പരാതിപ്പെടാനും നിര്‍ദേശിച്ചത്.

പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസില്‍ പരാതി നല്‍കൂവെന്നാണ് തന്ന നമ്ബറില്‍ നിന്നുള്ള അറിയിപ്പ്. വിലാസം ഡല്‍ഹിയിലെയാണെങ്കിലും സംസാരിക്കുന്നതെല്ലാം മലയാളത്തില്‍ തന്നെയാണ്.