20 April 2024 Saturday

രാഹുൽ ഗാന്ധിക്ക് പരിഹാസം, പിണറായിക്ക് നേരെ ചോദ്യങ്ങൾ;കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് വോട്ട് ചോദിച്ച് അമിത് ഷാ

ckmnews

രാഹുൽ ഗാന്ധിക്ക് പരിഹാസം, പിണറായിക്ക് നേരെ ചോദ്യങ്ങൾ;കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് വോട്ട് ചോദിച്ച് അമിത് ഷാ


കൊല്ലം:സംസ്ഥാനത്തെ രണ്ട് പ്രബല മുന്നണികളെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ കൊല്ലം ജില്ലയിലെ പുറ്റിങ്ങലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് പിക്‌നിക്കിനാണെന്ന് പറഞ്ഞ അദ്ദേഹം, താൻ സ്വർണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ വീണ്ടും ചോദ്യങ്ങളുന്നയിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം.



എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ ഉപേക്ഷിച്ച് താമര വിരിയിക്കണമെന്ന് കേരളത്തോട് അഭ്യർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. മോദിയ്ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. കമ്മൂണിസ്റ്റുകളും, കോൺഗ്രസും ചേർന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. കോൺഗ്രസ് വരുമ്പോൾ സോളാർ അഴിമതി, കമ്മൂണിസ്റ്റ് വരുമ്പോ ഡോളർ അഴിമതി. ലോകം മുഴുവനും കമ്യൂണിസം നശിച്ചു. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.


സ്വർണക്കടത്തിനെ പറ്റി ഞാൻ പറയുമ്പോ പിണറായിക്ക് ഇഷ്ടപ്പെടുന്നില്ല. പക്ഷേ പിണറായിക്ക് എന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടില്ലേ? സ്വർണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫിസിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാർ ചെലവിൽ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി ഇറങ്ങിയില്ലേ? എയർപോർട്ടിൽ പിടിച്ച സ്വർണം വിടുവാൻ താങ്കളുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായോ? ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മേൽ ആക്രമണം ഉണ്ടായപ്പോൾ എന്തുകൊണ്ട് നിങ്ങൾ നടപടിയെടുത്തില്ല. അമ്പലങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ പാടില്ലന്ന് വിജയൻ ജിയോട് ഞാൻ പറയുകയാണ്. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേയെന്നും പിണറായിയോട് അദ്ദേഹം ചോദിച്ചു.



മതേതര പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ്, മുസ്ലിം ലീഗുമായി കൂടുന്നു. ശിവസേനയുമായാണ് മഹാരാഷ്ട്രയിലെ സഖ്യം. ഇതുപോലൊരു പാർട്ടിയെ ഞാൻ കണ്ടിട്ടില്ല. മതിഭ്രമം ബാധിച്ച നേതൃത്വമാണ് കോൺഗ്രസിന്. രാഹുൽ ബാബ കേരളത്തിൽ പിക്‌നികിനാണ് വരുന്നത്. കേരളത്തിൽ സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് ബംഗാളിൽ സിപിഎമ്മുമായി സഖ്യത്തിലാണ് കോൺഗ്രസ്. മോദിയുടെയും ഇ ശ്രീധരന്റെയും നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ. 



കേന്ദ്ര സർക്കാർ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. പാവപ്പെട്ടവരെ കുറിച്ച് പറയുകയും അവർക്കു വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലേത്. പിക്നിക്കിന് വരുന്ന രാഹുൽ ബാബയോട് ചോദിക്കണം കേരളത്തിന് വേണ്ടി അവരുടെ സർക്കാർ ഉള്ളപ്പോൾ എത്ര പണം കൊടുത്തിരുന്നുവെന്ന്. 45,390 കോടി രൂപ മാത്രമാണ് യുപിഎ സർക്കാർ കേരളത്തിന് നൽകിയത്. 1,34,848 കോടി രൂപ മോദി സർക്കാർ കേരളത്തിന് നൽകി. ഞങ്ങൾ മെട്രോമാൻ ശ്രീധരനെ മുന്നിൽ നിർത്തിയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അവസരം തന്നാൽ അഞ്ചു വർഷം കൊണ്ട് കേരളത്തെ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.