23 April 2024 Tuesday

യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റിംഗ് വിസകള്‍

ckmnews

യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റിംഗ്  വിസകള്‍


അബുദാബി: യുഎഇയില്‍ മള്‍പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് അഞ്ച് വര്‍ഷത്തെ കലാവധിയോടെ. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തത്. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തിരുന്നു.


നിരവധി തവണ രാജ്യം വിട്ടുപോയി മടങ്ങിവരാവുന്ന തരത്തില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള വിസകള്‍ അനുവദിക്കുന്നത് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്ന പ്രവാസികള്‍ക്കും അനുഗ്രഹമാണ്. പുതിയ വിസയ്‍ക്ക് പ്രത്യേക സ്‍പോണ്‍സറോ ഗ്യാരന്ററോ ആവശ്യമില്ല. ഓരോ തവണ രാജ്യത്ത് പ്രവേശിക്കുമ്പോഴും 90 ദിവസം വരെ തങ്ങാനാവും. ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാന്‍ അവസരം നല്‍കുന്ന പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനും ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത ഇത്തരം വിസകളും എല്ലാ രാജ്യക്കാര്‍ക്കും ലഭ്യമാവും. ആഗോള സാമ്പത്തിക തലസ്ഥാനമായ, യുഎഇ തങ്ങളുടെ എല്ലാ തീരുമാനങ്ങളും ആ കാഴ്‍ചപ്പാടിലാണ് രൂപപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തു.