24 April 2024 Wednesday

ഇരട്ടവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; വോട്ടെടുപ്പിന് 3 ദിവസം മുമ്പ് ബൈക്ക് റാലി നിര്‍ത്തണം

ckmnews

ഇരട്ടവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; വോട്ടെടുപ്പിന് 3 ദിവസം മുമ്പ് ബൈക്ക് റാലി നിര്‍ത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. കോട്ടയത്തെ വൈക്കത്തും    ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ  70% ശരിയാണ് . കാസർകോടും കള്ളവോട്ട് ഉണ്ട്. 

ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കും. രണ്ട് സ്ഥലത്തd പേര് ഉണ്ടെങ്കിൽ ഒന്ന് ഒഴിവാക്കും. കാസർകോട് കുമാരിയുടെ 5 കാർഡുകളിൽ 4 കാർഡ് നശിപ്പിച്ചു'. 5 കാർഡ് കൊടുത്ത ഉദ്യോഗസ്ഥയെ സസ്പെൻറ് ചെയ്തു. പരാതി വന്ന വോട്ടർമാരുടെ പേരുകൾ ബൂത്തുകളിൽ നൽകും

അതേ സമയം ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നത് എന്നും ടിക്കാറാം മീണ വിശദീകരിച്ചു. ബി എൽ ഒ മാർ നേരിട്ട് പരിശോധിക്കാത്തതാണ് പ്രധാന പ്രശ്നം. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി. ഈ വര്‍ഷം മാത്രം 60000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു.

വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ 916601 പുതിയ അപേക്ഷകർ വന്നു.  അപേക്ഷ പരിശോധിച്ച് 739905 പേരെ പുതുതായി ഉൾപ്പടുത്തി. ആകെ 27446039 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 140 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുൻപ് ബൈക്ക് റാലികൾ  നിർത്തണം. 

ഒരു മണ്ഡലത്തിലെ ഏത് വോട്ടർക്കും പോളിംഗ് ഏജൻറുമാരാകാം. പോളിംഗ് ഏജന്‍റുമാര്‍ ബൂത്തിലെ വോട്ടറാകണമെന്ന് നിർബന്ധമില്ല. അഭിപ്രായ സര്‍വെകൾക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍വെകൾ തടയാൻ നിലവിൽ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു .