19 April 2024 Friday

വേനല്‍ കനത്തു, വരള്‍ച്ച രൂക്ഷം വെള്ളത്തിനായി നാട്ടില്‍ നെട്ടോട്ടം

ckmnews

കടുത്ത വേനലില്‍ ദാഹജലം കിട്ടാതെ പക്ഷികള്‍ ചത്തൊടുങ്ങുന്നു. മുന്‍കാലങ്ങളില്‍ പറവകള്‍ക്കായി തണ്ണീര്‍ക്കുടങ്ങള്‍ ഒരുക്കുന്നതില്‍ വിവിധ സംഘടനകള്‍ താത്പര്യം കാട്ടിയിരുന്നെങ്കിലും ഈ വേനല്‍ക്കാലത്ത് എവിടെയും കാണാനില്ല. ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുമ്ബോള്‍ ദാഹജലത്തിനായി പക്ഷി മൃഗാദികള്‍ അലയുകയാണ്. ക്ഷേത്ര കുളങ്ങളും പൊതുകുളങ്ങളും വറ്റുവരണ്ടു. മാടായിപ്പാറയിലെ വടുകുന്ദ ക്ഷേത്ര തടാകമൊഴികെയുള്ള പ്രദേശത്തെ പതിമൂന്നോളം കുളങ്ങളും വറ്റി. മാടായി ശ്രീകൃഷ്ണ ക്ഷേത്ര കുളം വറ്റിവരണ്ടു കിടക്കുകയാണ്. ഒരേക്കറോളവും വിസ്തീര്‍ണ്ണമുള്ള കുളം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ഏറെ കാലമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുളം സംരക്ഷണ പ്രവര്‍ത്തി എങ്ങുമെത്തിയില്ല.

മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം സംരക്ഷിക്കാന്‍ നടപടി ഇല്ലാത്തതാണ് കുടിവെള്ള സ്രോതസുകള്‍ ഇല്ലാതാകാന്‍ കാരണം. ഒരേക്കറോളം വലിപ്പമുള്ള ശ്രീകൃഷ്ണ ക്ഷേത്ര കുളത്തില്‍ മഴക്കാലത്ത് നിറയെ വെള്ളം ഉണ്ടാകും. ഒരു കാലത്ത് നാടിന്റെ പ്രധാന ജലസംഭരണി ആയിരുന്നു ഈ കുളം. പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം ലഭിക്കുന്നതിന് ഈ കുളം ഏറെ സഹായകരമായിരുന്നു. കുളത്തിന്റെ പടവുകള്‍ ഇടിഞ്ഞു വീണ അവസ്ഥയിലാണ്. നേരത്തെ ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയില്‍ നിന്നായിരുന്നു വേനല്‍ക്കാലത്ത് പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്. ഇവിടെ നിന്നുളള കുടിവെള്ള വിതരണം നിലച്ചതോടെ കുടിവെള്ളം കിട്ടാതെ ജനവും പറവകളും വലയുകയാണ്.