28 March 2024 Thursday

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍,ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തും എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

ckmnews

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍,ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തും


 എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി


നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ജനക്ഷേമവും മതനിരപേക്ഷതയും ഉറപ്പുവരുത്തിയാകും പ്രവര്‍ത്തനമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ പറഞ്ഞു. രണ്ട് ഭാഗമായാണ് പ്രകടന പത്രിക. ആദ്യഭാഗത്ത് 50 ഇന പരിപാടികള്‍ പ്രഖ്യാപിക്കും. 50ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിന് 900 നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരായ യുവതലമുറക്ക് തൊഴില്‍ നല്‍കുന്നതിനാണ് മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും എല്‍.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാന്‍ പദ്ധതി, മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, സൂക്ഷ്മ-ഇടത്തരം-ചെറുകിട മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍നിന്നും മൂന്നുലക്ഷമാക്കി ഉയര്‍ത്തുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.