19 April 2024 Friday

മലപ്പുറം - കോഴിക്കോട് ജില്ലാ അതിർത്തി പോലീസ് കല്ലിട്ട് അടച്ചു

ckmnews



ജില്ലാ അതിർത്തികളിലെ ഊടുവഴികളാണ് പോലീസ് അടക്കുന്നത് 


മലപ്പുറം / കോഴിക്കോട് :  റെഡ്‌സോണായി തുടരുന്ന കോഴിക്കോട് ജില്ലക്കകത്തേക്ക് അനധികൃത പ്രവേശനം തടയാൻ ജില്ലാ അതിർത്തികളിലെ ഊടുവഴികൾ അടക്കുന്നു. മലപ്പുറം ജില്ലാ അതിർത്തിയിലെ നാല് റോഡുകൾ പൊലീസ്  കല്ലിട്ട് അടച്ചു. ലോക്ഡൗൺ ലംഘിച്ച് അയൽ സംസ്ഥാനത്തുനിന്നും എത്തിയ 9 പേർക്കെതിരെയും ജില്ലയിൽ കേസെടുത്തിട്ടുണ്ട്. മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് പ്രവേശിക്കാവുന്ന ഊടുവഴികളിലൂടെയാണ് രാത്രി കാലങ്ങളിലടക്കം ആളുകൾ അനധികൃതമായി എത്തുന്നത്. റെഡ്‌സോൺ ആയി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷവും ലോക്ഡൗൺ നിയമലംഘനം തുടർന്നതോടെയാണ് ജില്ലാ അതിർത്തികളിലെ റോഡുകൾ കരിങ്കല്ലിട്ട് അടച്ചത്. വാലില്ലാപ്പുഴ - പുതിയനിടം റോഡ്, തേക്കിൻ ചുവട് - തോട്ടുമുക്കം റോഡ്, പഴംപറമ്പ് - തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് - തോട്ടുമുക്കം റോഡ് എന്നീ നാല് റോഡുകളാണ് അടച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയും നടത്തുന്നുണ്ട്. മതിയായ രേഖകളുമായി എത്തുന്നവരെ കൂഴിനക്കി പാലം, എരഞ്ഞിമാവ് ചെക്ക് പോസറ്റ് എന്നിവിടങ്ങളിലൂടെയാണ് കടത്തിവിടുന്നത്. അതേസമയം ലോക്ഡൗൺ ലംഘിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 9 പേർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. ഇവർക്കെതിരെ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം കേസെടുക്കുകയും ക്വാറന്റൈനിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ആളുകളും തമിഴ്‌നാട്ടിലെ സേലത്തുനിന്നുമാണ് എത്തിയത്.