28 March 2024 Thursday

'ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ, സംശയമില്ല': ജോയ് മാത്യു

ckmnews

കണ്ണൂര്‍: ധര്‍മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തന്നെയായിരുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്ത് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ധര്‍മാധര്‍മങ്ങളുടെ ധര്‍മടം

നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അത് കൊണ്ടാണ് ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങനെയെങ്കിലും സ്ഥാനാര്‍ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവെക്കും .

എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നത്.

വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുമ്ബോള്‍ യു ഡി എഫിന്റെ മൂല്യബോധവും ധാര്‍മ്മികമായ ഉത്തരവാദിത്വവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണ് വ്യക്തമാകുന്നത്.

വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത് കൂടിയാണ്. ധര്‍മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല.

വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുമെന്ന് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അവര്‍ മത്സരിക്കുക.

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ മത്സരം. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.

'എന്റെ മക്കള്‍ക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്.

എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് നീക്കം'- അവര്‍ വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. 2017ലാണ് 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.