19 April 2024 Friday

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും; നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ബി ജെ പി

ckmnews

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. ബിജെപി ദേശീയ നേതൃത്വം തീരുമാനം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശം നല്‍കിയത്.

സംവരണ മണ്ഡലമായ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയും, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും, കൊല്ലത്ത് എം സുനില്‍ എന്നിവരാണ് മത്സരിക്കുക.മാനന്തവാടിയില്‍ നേരത്തേ മണിക്കുട്ടന്‍ എന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തന്‍റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പിന്മാറുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ശോഭയ്ക്ക് കഴക്കൂട്ടത്ത് സീറ്റുറച്ചത്. പാര്‍ട്ടിയിലെ മറ്റ് എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയത്.നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

ശോഭയുടെ പേര് എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെടുകയും താന്‍ മത്സരിക്കാന്‍ തയാറാണെന്ന് ശോഭ അറിയിക്കുകയും ചെയ്തിരുന്നു.