23 April 2024 Tuesday

രാജ്യത്തിന്‍റെ ഭരണഘടനയും മതനിരപേക്ഷതയും തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്നവര്‍തന്നെ നേതൃത്വം നല്‍കുന്നു; ദേശീയതലത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങളുടെ മുന്നോട്ടുപോക്കിന് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്: മുഖ്യമന്ത്രി

ckmnews

കേരളം ഏറെ പ്രാധാന്യത്തോടുകൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തിലും വലിയ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായ പ്രചാരണ പരിപാടികള്‍ കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്‍റെ ഭരണഘടനയും മതനിരപേക്ഷതയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും കേന്ദ്രം ഭരിക്കുന്നവര്‍തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെയാണ് അതിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുന്നതിന് ശക്തമായ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് ഇതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ രാജ്യത്തെ ഇടതുപക്ഷ കക്ഷികള്‍ക്ക് ക‍ഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമൊതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ മുന്നോട്ടുപോക്കിന് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് നിര്‍ണായക സ്വാധീനമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആഗോളവര്‍ക്കരണ നയമാണ് നടപ്പിലാക്കുന്നത്. കേരളമൊ‍ഴികെ രാജ്യവ്യാപകമായി ഇതേ നയമാണ് നടപ്പിലാക്കുന്നത് എന്നാല്‍ കേരളം ഇതിന് ബദലായി നയം നടപ്പിലാക്കുന്ന സംസ്ഥാനമാണ്.

2016 ല്‍ മാറ്റം വരണമെന്ന് ജനങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതിന്‍റെ ഫലമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. നാടിന്‍റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കലായിരുന്നു എല്‍ഡിഎഫിന്‍റെ പ്രധാനലക്ഷ്യം. എല്‍ഡിഎഫ് അധികാരത്തിലെത്തിയയുടന്‍ അത് ചെയ്തു. രാജ്യത്ത് എറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. 2016 ന് മുമ്ബ് അ‍ഴിമതിയുടെ കേന്ദ്രമായിരുന്നു കേരളം.

എല്‍ഡിഎഫ് വന്നപ്പോള്‍ രാജ്യത്ത് എറ്റവും അ‍ഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി ബഹുരാഷ്ട്ര കമ്ബനികള്‍ കേരളത്തിലേക്ക് നിക്ഷേപവുമായി എത്തി. നടക്കില്ല എന്ന് കരുതിയ പല പദ്ധതികളും കേരളം പൂര്‍ത്തീകരിച്ചു. പാതിവ‍ഴിയില്‍ നിലച്ചിരുന്ന ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചു, കേരളത്തിലെ സ്കൂളുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി, ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍വത്ര പുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിന് ക‍ഴിഞ്ഞു.

കോ‍ഴ്സ് തേടി നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരില്ല അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ വിദ്യഭ്യാസത്തിനായി കേരളത്തിലേക്ക് വരുന്ന രീതിയിലേക്ക് നമ്മുടെ കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കി മാറ്റും. കേരളത്തിന്‍റെ ആരോഗ്യ രംഗത്തിന്‍റെ ഉള്‍പ്പെടെ മികവ് കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ കേരളവും ലോകവും അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.