24 April 2024 Wednesday

തപാല്‍ വോട്ടിനുള്ള ഫോറം 12 ഡി ഇന്നു കൂടി സമര്‍പ്പിക്കാം

ckmnews

പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി വരണാധികാരിക്ക് ഇന്നുകൂടി സമര്‍പ്പിക്കാം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ ബി.എല്‍.ഒ മാര്‍ മുഖാന്തിരമാണ് ഫോറം സമര്‍പ്പിക്കേണ്ടത്. ഇതിനായി അതത് ബി.എല്‍.ഒ മാര്‍ വീടുകളിലെത്തി ഫോറം പൂരിപ്പിച്ച്‌ വാങ്ങും. മാര്‍ച്ച്‌ 17 ന് വൈകീട്ട് അഞ്ചിനകം ബി.എല്‍. ഒ മാര്‍ ഫോറം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇതുപ്രകാരം ലിസ്റ്റ് തയ്യാറാക്കും.

80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ സമ്മതമറിയിച്ച വോട്ടര്‍മാരുടെ വീടുകളില്‍ മാര്‍ച്ച്‌ 26 മുതല്‍ പോളിംഗ് ടീമുകളെത്തി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും. പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിങ്ങനെ ആറ് പേര്‍ പോളിംഗ് ടീമില്‍ ഉണ്ടാകും. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും വോട്ടിംഗ് നടക്കുന്ന ദിവസവും സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും.

തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സര്‍വ്വീസ് ജീവനക്കാരും പോസ്റ്റല്‍ വോട്ടിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി നല്‍കണം. അതത് സ്ഥാപനങ്ങളുടെ നോഡല്‍ ഓഫീസര്‍മാരില്‍ നിന്നുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും ഫോറം 12 ഡിയും ഉള്‍പ്പെടെ വോട്ട് ചെയ്യുന്ന മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. എ.ആര്‍.ഒ മാര്‍ മാര്‍ച്ച്‌ 17 ന് ഫോറം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. മാര്‍ച്ച്‌ 29,30,31 തിയ്യതികളില്‍ അതത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ രാവിലെ ഒമ്ബത് മുതല്‍ അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യാം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വോട്ടിംഗ് തിയ്യതി നിശ്ചയിച്ച്‌ വോട്ടര്‍മാരെ തപാല്‍ വഴി അറിയിക്കും