20 April 2024 Saturday

തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇല്ല; തെക്കേ ഗോപുര നട തുറക്കുക എറണാകുളം ശിവകുമാര്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കുന്നത് ആരോഗ്യ സ്ഥിതി പരിഗണിച്ച്‌

ckmnews

തൃശൂര്‍: പൂര വിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ല.എറണാകുളം ശിവകുമാറാണ് ഇത്തവണ തെക്കേ ഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യുക.ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇത്തവണ ഒഴിവാക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെത്താണ് തീരുമാനമെന്ന് നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റി വന്നാണ് തെക്കേ ഗോപുര നട തുറക്കുക. പൂരത്തിന് ആരംഭം കുറിക്കുന്ന ചടങ്ങാണിത്.

നേരത്തെ വലിയ വിവാദങ്ങളും മറ്റുമുണ്ടായതിന്റെ സാഹചര്യത്തില്‍ കൂടിയാണ് ദേവസ്വം ആനയായ ശിവകുമാറിനെ കൊണ്ട് ചടങ്ങ് നടത്താന്‍ ആലോചിച്ചത്. തത്വത്തില്‍ രാമചന്ദ്രനെ മാറ്റി ശിവകുമാറിനെക്കൊണ്ട് ചടങ്ങ് നടത്താന്‍ ക്ഷേത്ര സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ വരുന്ന വ്യാഴാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ തവണ നെയ്തലക്കാവില്‍ നിന്ന് ഒരാനയുടെ പുറത്ത് എഴുന്നളിച്ച്‌ കൊണ്ടു വന്ന വിഗ്രഹം മണികണ്ഠനാലിന് സമീപത്ത് വച്ച്‌ രാമചന്ദ്രന്റെ പുറത്തേക്ക് മാറ്റിയാണ് ചടങ്ങ് നടത്തിയത്. അത്തരത്തിലുള്ള രീതികളോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ല. നെയ്തലക്കാവില്‍ നിന്ന് തിടമ്ബേറ്റി വരുന്ന ആന തന്നെ തെക്ക ഗോപുര നട തുറക്കണം എന്നതാണ് അഗ്രഹിക്കുന്നത്. ഇതും ആനയെ മാറ്റുന്നതിന് കാരണമായി.

കഴിഞ്ഞ ഏഴ് വര്‍ഷമായി രാമചന്ദ്രനാണ് തിടമ്ബേറ്റാറുള്ളത്. 2019ലെ പൂരത്തിനും സമാന രീതിയില്‍ ആനയ്ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ ആന പ്രേമികളുടെ വലിയ പ്രതിഷേധത്തിന് പിന്നാലെ കര്‍ശന നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ ആനയെ ചടങ്ങിന് എത്തിക്കുകയായിരുന്നു.