28 March 2024 Thursday

സംസ്ഥാനത്തെ ബസ് ചാർജ്ജ് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ

ckmnews

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുന്നതുകൊണ്ടുള്ള നഷ്ടം പരിഹരിക്കാൻ ചാർജ് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ഗതാഗത വകുപ്പ് സർക്കാറിന് മുന്നിൽ വെച്ചു. റോഡ് നികുതിയിലൊ ഇന്ധന നികുതിയിലൊ ഇളവ് നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചാർജ് വർദ്ധനവ് സർക്കാറിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ചാർജ് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യമാണ് ഗതാഗത വകുപ്പ് സർക്കാറിന് മുന്നിൽ വെച്ചത്. റോഡ് നികുതിയിലും ഇന്ധനനികുതിയിലുമുള്ള ഇളവും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് താല്ക്കാലിക ചാർജ് വർദ്ധനവ് എന്ന ആശയം ഉയർന്നുവന്നത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്. പ്രതിസന്ധി പരിഗണിച്ച് സ്റ്റേജ് ക്യാരേജുകൾക്ക് ഏപ്രിൽ മാസത്തെ റോഡ് നികുതി ഇതിനകം ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also : സർക്കാർ​ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ പുനഃപരിശോധനയില്ലെന്ന്​ ധനമന്ത്രി

അതേസമയം സർക്കാർ നിബന്ധന പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബസുടമകൾ പറയുന്നത്. ഇതോടെ സർവീസുകൾ താല്ക്കാലികമായി നിർത്തിവെക്കുന്നതിനുള്ള സ്‌റ്റോപ്പേജ് സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ബസുടമകളും നൽകിയിട്ടുണ്ട്. രണ്ട് സീറ്റുകളിൽ ഒരാളും മൂന്ന് സീറ്റുകളിൽ രണ്ടാളും മാത്രമേ യാത്ര ചെയ്യാകൂ എന്നാണ് സർക്കാർ നിലപാട്. ഇത്തരത്തിൽ സർവീസ് നടത്തിയാൽ ഇന്ധനചെലവ് പോലും നികത്താൻ കഴിയില്ലെന്നും ബസുടമകൾ പറയുന്നു.