29 March 2024 Friday

സർക്കാർ​ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ പുനഃപരിശോധനയില്ലെന്ന്​ ധനമന്ത്രി

ckmnews


20,000 രൂപക്ക്​ മുകളിൽ ശമ്പളമുള്ള കരാർ തൊഴിലാളികളുടേയും ശമ്പളം പിടിക്കും 



തിരുവനന്തപുരം : സർക്കാർ​ ജീവനക്കാരുടെയും അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ പുനഃപരിശോധനയില്ലെന്ന്​ ധനമന്ത്രി. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ്​ നിലവിലുള്ളതെന്ന് ധനമന്ത്രി ആവർത്തിച്ചു. സർക്കാരിന്റെ കൈയിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും പണമില്ല. ഏപ്രിൽ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമായിരുന്നു​. ശമ്പളം ​പിടിക്കാനുള്ള സർക്കാർ ഉത്തരവ്​ കത്തിച്ച അധ്യാപക സംഘടനക്ക്​ എന്ത്​ സാമൂഹിക പ്രതിബദ്ധതയാണ്​ ഉള്ളത്​. സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാട് അധ്യാപക സംഘടന സ്വീകരിക്കുന്നത് വിചിത്രമായ മാനസികനിലയാണെന്നും മന്ത്രി പറഞ്ഞു. 20,000 രൂപക്ക്​ മുകളിൽ ശമ്പളമുള്ള കരാർ തൊഴിലാളികളുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ ചെയ്​തത്​ പോലെ ഡി.എ കുറയ്ക്കുന്ന നടപടികളൊന്നും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ല. ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരുടെയും ശമ്പളം പിടിക്കാനാണ് നിലവിലെ തീരുമാനം. പല നിർദേശങ്ങൾ വരുന്നുണ്ടെന്നും തൽകാലം ഇതൊന്നും പരിഗണിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. ശമ്പളം പിടിക്കുന്നത് 15 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ട് പോലീസ് അസോസിയേഷൻ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.