19 April 2024 Friday

മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് പ്ലാറ്റ്‌ഫോമിന്റെ വിടവിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ രക്ഷിച്ച്‌ ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍

ckmnews

പനജി: ( 12.03.2021) മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് പ്ലാറ്റ്‌ഫോമിന്റെ വിടവിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ രക്ഷിച്ച്‌ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്). ഗോവയിലെ വാസ്‌കോ ഡാ ഗാമ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം.

സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ വാസ്‌കോ-പട്ന എക്സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്ബോഴാണ് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീണത്. ഇതു കണ്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ കെ എം പാട്ടീല്‍ ഓടിയെത്തുകയും യാത്രക്കാരനെ പുറത്തേക്ക് വലിച്ചിടുകയുമായിരുന്നു. പാട്ടീല്‍ ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു. യാത്രക്കാരനെ പാട്ടീല്‍ രക്ഷിക്കുന്നതിന്റെ വിഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്. ഏകദേശം 15,000 പേരാണ് വിഡിയോ കണ്ടത്.

നിരവധി കമന്റുകളും ഷെയറുകളുമാണു കിട്ടുന്നത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യത്തെയും ജീവന്‍ രക്ഷിച്ച നടപടിയെയും പ്രശംസിച്ചാണ് ആളുകള്‍ കമന്റിടുന്നത്. 'ധൈര്യമുള്ള ആര്‍പിഎഫ് ഓഫിസര്‍', 'ഒരു ജീവന്‍ രക്ഷിച്ചതിനു നന്ദി' എന്നിങ്ങനെയാണു കമന്റുകള്‍. ഫെബ്രുവരിയില്‍, മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഇതുപോലെ ഭിന്നശേഷിക്കാരനെയും ആര്‍പിഎഫ് രക്ഷിച്ചിരുന്നു.