28 March 2024 Thursday

മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്

ckmnews

ഒടിടി കാലത്ത് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാത്തവരായി ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നല്ലാതെ നെറ്റ്ഫ്ലിക്സില്‍ സിനിമ കാണുന്നവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാസ് വേര്‍ഡ് ഷെയര്‍ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്.

മറ്റൊരാളുടെ അക്കൗണ്ടില്‍ നെറ്റ്ഫ്ലിക്സില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഇനി മുതല്‍ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. 'ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങള്‍ അല്ലെങ്കില്‍, ഇനിയും നെറ്റ്ഫ്ലിക്സ് കാണാന്‍ നിങ്ങള്‍ക്ക് സ്വന്തമായി അക്കൗണ്ട് ആവശ്യമാണ്'. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. ഏതാനും അക്കൗണ്ടുകളില്‍ മാത്രമാണ് ഇപ്പോള്‍ മാറ്റമുള്ളത്. ഘട്ടംഘട്ടമായി എല്ലാവരിലും പുതിയ സന്ദേശമെത്തും. ഉപയോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടാണെന്ന് തെളിയിക്കാന്‍ മെയില്‍ വഴിയോ ടെക്സ്റ്റ് മെസേജ് ആയോ ഒരു കോഡ് ലഭിക്കുമെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞു.

നിലവില്‍ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരായി നിരവധി പേരുണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്നാണ് കാണുന്നത്. അമേരിക്കയില്‍ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരില്‍ 40 ശതമാനം പേര്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിന്നാണ് കാണുന്നതെന്ന് സര്‍വേ ഉണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ 72 ശതമാനം ആളുകള്‍ തങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതായി പറഞ്ഞിരുന്നു.