19 April 2024 Friday

കുറ്റ്യാടി- പൊന്നാനി പ്രതിഷേധങ്ങൾ പ്രാദേശിക വികാരപ്രകടനം, നടപടി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം

ckmnews


ദില്ലി: കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങളിൽ ഇപ്പോൾ നടപടി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം. സംസ്ഥാന-ദേശീയ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയതെന്ന് കേന്ദ്ര നേതാക്കൾ വിശദീകരിച്ചു. 

പ്രാദേശികമായുള്ള വികാരം പാർട്ടി അണികൾ ഉൾപ്പടെയുള്ളവർ പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചത്. പാർട്ടി തീരുമാനം എടുക്കുന്നത് വിശാല താൽപ്പര്യം മുൻനിറുത്തിയാണെന്നും കേന്ദ്ര നേതാക്കൾ പറയുന്നു.

കേരളത്തിലെ ഭരണ തുടർച്ച ദേശീയതലത്തിൽ ഇടതുപക്ഷത്തിനാകെ അനിവാര്യമാണ്. ഇതാണ് കേരളകോൺഗ്രസിനോട് വിട്ടുവീഴ്ച ചെയ്യാനുള്ള കാരണം. അണികളെ ഇത് ബോധ്യപ്പെടുത്തും. ബോധ്യപ്പെട്ടില്ലെങ്കിൽ എന്തു വേണം എന്നാലോചിക്കും. കുറ്റ്യാടി തിരിച്ചു ചോദിച്ചാൽ പ്രകടനം നടത്തി സീറ്റ് തിരിച്ചെടുത്തു എന്ന ആക്ഷേപം വരാം. അതിനാൽ കേരളകോൺഗ്രസ് മറിച്ച് തീരുമാനിച്ചില്ലെങ്കിൽ പിന്നോട്ടു പോകില്ല. തെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തുടരുകയാണ്. യോഗം പ്രാഥമികമായി സാഹചര്യം വിലയിരുത്തിയേക്കും. 

പ്രതിഷേധങ്ങൾ പാർട്ടിയെ ഞെട്ടിച്ചെങ്കിലും തല്ക്കാലം നടപടിയെടുത്ത് പ്രശ്നം വഷളാക്കേണ്ടതില്ല എന്നാണ് സിപിഎം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്. രണ്ടു തവണ തുടർച്ചയായി വിജയിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തെയും കേന്ദ്രനേതൃത്വം അനുകൂലിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറിക്കു പോലും കാലാവധി ഉണ്ടെന്നിരിക്കെ മന്ത്രിമാർക്കും എംഎൽഎമാർക്കും ഇത് ബാധകമാക്കാതിരിക്കാൻ കാരണം ഒന്നുമില്ലെന്നാണ് വിശദീകരണം.