29 March 2024 Friday

പെരുമ്പടപ്പില്‍ രണ്ട് കുട്ടികള്‍ അപകടത്തില്‍ മരിച്ച സംഭവം:ക്രൈംബ്രാഞ്ച് അന്യേഷണം ആരംഭിച്ചു

ckmnews

മലപ്പുറം ∙ മകന്റെ മരണം സംബന്ധിച്ചു 2 വർഷം കൊണ്ട് ശേഖരിച്ച രേഖകളും ചിത്രങ്ങളും തെളിവായി ഉയർത്തിക്കാട്ടിയാണ് നജീബുദ്ദീന്റെ പിതാവ് ഉസ്മാൻ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നത്. അവയവ മാഫിയയുടെ ഇടപെടൽ ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി ലഭിച്ചതോടെ വിദ്യാർഥികളുടെ അപകട മരണക്കേസിൽ 3 വർഷത്തിനുശേഷം പുനരന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ചിന്റെ  അന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലം ഡിവൈഎസ്പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ സന്ദർശിക്കും. മരിച്ച നജീബുദ്ദീനിന്റെ പിതാവ് ഉസ്മാനോടും ഇവിടേക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ദീൻ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് (16) എന്നിവർ മരിച്ച സംഭവമാണു മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. അപകട സമയത്തു ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെ മകന്റെ മരണം ‘ജോസഫ്’ ചലച്ചിത്രം മോഡലിൽ അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാരോപിച്ച് നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാൻ രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ഉസ്മാൻ നൽകിയ ഉന്നയിച്ച പരാതിയിലെ പ്രധാന വിവരങ്ങൾ:

∙ അപകടത്തിൽ പരുക്കേറ്റ നജീബുദ്ദീനിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്നതു സംബന്ധിച്ച് ഈ രണ്ട് ആശുപത്രികളിലും രേഖകളില്ല. മകനെ ആശുപത്രിയിലേക്കു കൊണ്ടുപോയവരെ സംബന്ധിച്ച് അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികൾക്കും അറിവില്ല.

∙ അപകടത്തിന് തൊട്ടുപിന്നാലെയെടുത്ത ചിത്രങ്ങളിൽ കുട്ടിയുടെ മുഖത്ത് മാത്രമാണ് കാര്യമായ മുറിവുണ്ടായിരുന്നത്. എന്നാൽ മരണശേഷമെടുത്ത ചിത്രത്തിൽ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയത് പോലുള്ള മുറിവുകൾ കണ്ടു. പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. ഇൻക്വസ്റ്റ് സമയത്തെടുത്ത ചിത്രം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോൾ ചിത്രങ്ങൾ കാണാനില്ലെന്ന മറുപടിയാണു പെരുമ്പടപ്പ് പൊലീസിൽ നിന്നു ലഭിച്ചത്.

∙ നജീബുദ്ദീനിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്നതു സംബന്ധിച്ചോ പോസ്റ്റ്മോർട്ടം സംബന്ധിച്ചോ ‍രക്ഷിതാവായ എന്നെ ഒന്നും അറിയിച്ചില്ല. തൃശൂർ ഗവ. മെഡിക്കൽ കോളജിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും സൗകര്യം ഉണ്ടായിരിക്കെ പോസ്റ്റ്മോർട്ടം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മതിയെന്ന് പൊലീസ് നിർബന്ധം പിടിച്ചു.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേട്.

2016 നവംബർ 20ന് രാത്രി വന്നേരി സ്കൂൾ മൈതാനത്തു നടക്കുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായ വിദ്യാർഥികൾ അപകടത്തിൽപെടുന്നത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനു മുൻപിലായിരുന്നു അപകടം.  തുടർന്നു ഇരുവരെയും 2 വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്.

പരുക്കേറ്റ വാഹിദ് ആശുപത്രിയിലെത്തിക്കുന്നതിനു മുൻപേ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നജീബുദ്ദീൻ മൂന്നാം ദിവസമാണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം മാത്രമായി പെരുമ്പടപ്പ് പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും മകന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഉസ്മാൻ കൂടുതൽ തെളിവുകൾ ശേഖരിച്ചു. അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.

കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉൾപ്പെടെ നജീബുദ്ദീനിന്റെ ശരീരത്തിൽ എട്ടിടങ്ങളിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണു പിതാവിന്റെ ആരോപണ‌ം. മരിച്ച വാഹിദിന്റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടായിരുന്നെന്നും ഉസ്മാൻ ആരോപിക്കുന്നുണ്ട്. ചികിത്സയുടെ ഒരു ഘട്ടത്തിലും ആരോഗ്യനില മോശമായതായി ഡോക്ടർമാർ പറഞ്ഞിട്ടില്ല.

മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ തനിക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായെന്നും കേസിൽ നിന്നു പിൻമാറാൻ ഭീഷണിയുണ്ടെന്നും ഉസ്മാൻ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്.