20 April 2024 Saturday

പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം, കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

ckmnews

പൊന്നാനിയിലെ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം


 പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിലില്ലെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു.പത്താം തിയതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂടെയുണ്ടാകും. പാര്‍ട്ടിക്ക് പൊന്നാനിയില്‍ പ്രതിസന്ധികളില്ല. എന്താണ് സംഭവിച്ചത് എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് വൈകിട്ടാണ് പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം നടന്നത്. പി. നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെയായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സിപിഐഎമ്മിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.


കഴിഞ്ഞദിവസാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്തുവന്നത്. ഇപ്പോള്‍ പാര്‍ട്ടി മുന്നോട്ടുവച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും പകരം മണ്ഡലത്തില്‍ സജീവമായിട്ടുള്ള ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.  കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് കുറ്റ്യാടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 


കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. നേരത്തെ ഈ ആവശ്യം ഉയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.