19 April 2024 Friday

നൂറടി തോട്ടിൽ ജലക്ഷാമം രൂക്ഷം പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ പമ്പിംങ്ങ് നിറുത്തി വെക്കണമെന്ന ആവശ്യം ശക്തമാവുന്നു

ckmnews

നൂറടി തോട്ടിൽ ജലക്ഷാമം രൂക്ഷം


പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ പമ്പിംങ്ങ് നിറുത്തി വെക്കണമെന്ന ആവശ്യം ശക്തമാവുന്നു


ചങ്ങരംകുളം:നൂറടി തോട്ടിൽ ക്രമാതീതമായി വെള്ളം കുറഞ്ഞതോടെ പൊന്നാനി കോൾ മേഖലയിലെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് വരൾച്ചാ ഭീക്ഷണി നേരിടുന്നത്.ഈ സാഹചര്യത്തിലാണ് വെള്ളം ശേഖരിക്കാനായി നടത്തുന്ന പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ പമ്പിംങ്ങ് നിറുത്തി വെക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിംങ്ങ് തുടർന്നാൽ വീണ്ടും നൂറടി തോട്ടിലെ ജലവിതാനം താഴും. ഇത് കോൾ മേഖലയെ കടുത്ത വരൾച്ചയിലേക്ക് എത്തിക്കും.കോൾ മേഖലയിലെ വരൾച്ചാ ഭീക്ഷണി മുന്നിൽ കണ്ട് വെട്ടിച്ചിറ, പട്ടിശ്ശേരി ഇറിഗേഷനുകളിലെ പമ്പിംങ്ങ് നിറുത്തി വെച്ചിരിക്കുകയാണ്. വെള്ളം ശേഖരിക്കുന്നതിനായി നടത്തുന്ന പമ്പിംങ്ങ് സാധാരണ ഡിസംബർ മാസത്തോടെ അവസാനിപ്പിക്കേണ്ടതാണ്.അങ്ങനെയെങ്കിൽ കോൾ മേഖലയിലെ കൃഷിക്കായി നൂറടി തോട്ടിൽയഥേഷ്ട്ടം വെള്ളം ലഭിക്കും. സിസംബർ മാസം വരെ ബിയ്യം റെഗുലേറ്ററിലൂടെ വെള്ളം തുറന്ന് വിട്ടിരുന്നു. നിലവിലെ സാഹചര്യം മനസിലാക്കി അടിയന്തരമായി അധികൃതർ ഇടപെട്ട് പമ്പിംങ്ങ് നിറുത്തിവെപ്പിക്കണമെന്ന് കോൾ മേഖലയിലെ കർഷകർ ആവശ്യപ്പെട്ടു.