29 March 2024 Friday

തുടര്‍ച്ചയായി ജയിച്ചവർക്ക് സീറ്റു വേണ്ട സിപിഎം തീരുമാനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മത്സരരംഗത്ത് നിന്ന് മാറും

ckmnews

തുടര്‍ച്ചയായി ജയിച്ചവർക്ക് സീറ്റു വേണ്ട സിപിഎം തീരുമാനം


സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മത്സരരംഗത്ത് നിന്ന് മാറും


രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ആര്‍ക്കും സീറ്റുവേണ്ടെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ സിപിഎം തീരുമാനം.മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍,ടി.എം.തോമസ് ഐസക്,ജി.സുധാകരന്‍,സി.രവീന്ദ്രനാഥ് എന്നിവര്‍ മല്‍സരിക്കില്ല.ഇ.പി.ജയരാജന്‍ വൈകാതെ സംഘടനാചുമതലയിലെത്തും. തരൂര്‍ സീറ്റില്‍ മന്ത്രി എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീല സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന കാര്യം നാളെ സംസ്ഥാന സമിതി തീരുമാനിക്കും. 


സിപിഎമ്മില്‍ സ്ഥിരം മുഖങ്ങള്‍ മാറി പുതുമുഖങ്ങള്‍ക്ക് വഴി തുറന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ണായക തീരുമാനം. രണ്ടുടേമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നതോടെ അഞ്ചുമന്ത്രിമാരാണ് ഇത്തവണ മല്‍സരരംഗത്തുനിന്ന് ഒഴിവാകുന്നത്. ഇതില്‍ സി.രവീന്ദ്രനാഥ് സ്വയം പിന്‍മാറിയിരുന്നു. തോമസ് ഐസകിനും ജി.സുധാകരനും ഇളവ് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവുവേണ്ടെന്ന കര്‍ശനനിലപാടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. ഇ.പി.ജയരാജന്‍ മല്‍സരിച്ച മട്ടന്നൂരില്‍ നിന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനവിധിതേടും.മന്ത്രിമാരില്‍ എം.എം.മണി ഉടുമ്പന്‍ചോലയിലും ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും എ.സി.മൊയ്തീന്‍ കുന്നംകുളത്തും ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വീണ്ടും ജനവിധിതേടും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ഗോവിന്ദന്‍ തളിപ്പറമ്പിലും ബേബി ജോണ്‍ ഗുരുവായൂരിലും മല്‍സരിക്കും. 


സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എ.പ്രദീപ് കുമാര്‍, രാജു ഏബ്രഹാം, അയിഷ പോറ്റി അടക്കം എം.എല്‍.എമാര്‍ ആര്‍ക്കും ഇളവ് നല്‍കേണ്ട എന്നാണ് തീരുമാനം. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ പ്രാദേശിക സാഹചര്യം പരിഗണിച്ച് അപൂര്‍വം ആര്‍ക്കെങ്കിലും ഇളവ് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണമോ എന്നതിലും സംസ്ഥാന സമിതി തീരുമാനിക്കും. തുടര്‍ച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചുകൊണ്ടിരിക്കുന്നവരെ പരിഗണിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എന്‍.ബാലഗോപാലിനും വി.എന്‍.വാസവനും ഇളവിന് സാധ്യതയുണ്ട്. 


ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ എതിര്‍പ്പ് അവഗണിച്ച് പി.കെ.ജമീലയെ തരൂരിലേക്ക് മല്‍സരിപ്പിക്കാനുള്ള തീരുമാനത്തോട് സംസ്ഥാനസമിതിയില്‍ വിയോജിപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. ഗുരുവായൂരില്‍ ബേബി ജോണിനെ മല്‍സരിപ്പിക്കുന്നതിലും വിയോജിപ്പുള്ളവര്‍ പാര്‍ട്ടിയിലുണ്ട്.