20 April 2024 Saturday

പൊതുകിണര്‍ നവീകരിച്ച് വാട്ടര്‍ എ.ടി.എം സ്ഥാപിക്കാൻ ഒരുങ്ങി കടവല്ലൂർ ഗ്രാമപഞ്ചായത്ത്

ckmnews

പെരുമ്പിലാവ്:പെരുമ്പിലാവ് ജംഗ്ഷനില്‍ കാടുമൂടി ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്ന പൊതുകിണര്‍ നവീകരിച്ച് വാട്ടര്‍ എ.ടി.എം സ്ഥാപിക്കാൻ ഒരുങ്ങി കടവല്ലൂർ  ഗ്രാമപഞ്ചായത്ത്.കടവല്ലൂർ പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായാണ് നവീകരണം നടത്തുക. ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളുമടക്കം ഒട്ടേറെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണര്‍ ഇപ്പോള്‍ മാലിന്യം നിറഞ്ഞു നാശത്തിന്റെ വക്കിലാണ്. കടുത്ത വേനലിലും ജലസമൃദ്ധമാണ് ഈ കിണര്‍. ചുറ്റുമതിലും കമ്പി വേലിയും ഉണ്ടെങ്കിലും ചുറ്റും കാട് പിടിച്ച നിലയിലാണ്.

 പരിസരത്തുള്ള കടകളില്‍ നിന്നും മാലിന്യങ്ങളും കിണറ്റില്‍ എത്തുന്നുണ്ട്. കിണര്‍ മണ്ണെടുത്തു വൃത്തിയാക്കുകയും സുരക്ഷാ വേലി നിര്‍മിച്ച് മാലിന്യം എത്താത്ത വിധത്തില്‍ സംരക്ഷിക്കുകയും ചെയ്യും. 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന വിധത്തില്‍ മോട്ടര്‍ പമ്പുസെറ്റും ടാങ്കും സ്ഥാപിക്കും. നാണയം ഇട്ട് വെള്ളം എടുക്കുന്ന രീതിയിലാണു എടിഎം ക്രമീകരിക്കുക. ശുദ്ധീകരിച്ച വെള്ളമായിരിക്കും വാട്ടര്‍ എ.ടി.എമ്മില്‍ ലഭിക്കുക. 

പദ്ധതി പൂര്‍ത്തിയായാല്‍ പെരുമ്പിലാവ് സെന്ററിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ പറഞ്ഞു.