20 April 2024 Saturday

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ട; കോവിഡിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി

ckmnews

കോവിഡിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി. സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ടന്ന് ഫിലിം ചേമ്ബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചതോടെയാണ് മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി ഉയര്‍ന്നത്.

സെക്കന്‍ഡ് ഷോ അനുവദിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയെറ്ററുകളും പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകും. വരും ദിവസങ്ങളില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കാനാണ് സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ തീരുമാനം.

സെക്കന്‍ഡ് ഷോ ഇല്ലാതെ ഒരുതരത്തിലും തിയെറ്റര്‍ ലാഭകരമായി കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്.

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന 'കള ,ടോള്‍ഫ്രീ, അജഗജാന്തരം, ആര്‍ക്കറിയാം, മരട്, വര്‍ത്തമാനം ' തുടങ്ങിയ ചിത്രങ്ങള്‍ റിലീസില്‍ നിന്നും പിന്മാറിയിരുന്നു. അടുത്തയാഴ്ച എത്താനുള്ള മമ്മൂട്ടിയുടെ ' ദി പ്രീസ്റ്റ്' അടക്കമുള്ള ചിത്രങ്ങളും റിലീസ് നീട്ടാനുള്ള ആലോചനയിലാണ്.

കോവിഡിന് ശേഷം തീയെറ്ററുകള്‍ തുറക്കാന്‍ ലക്ഷകണക്കിന് രൂപയാണ് ഉടമകള്‍ ചിലവഴിച്ചത്. ലോക്ഡൗണ്‍ മൂലം 10 മാസം പൂര്‍ണമായി അടച്ചിടേണ്ടി വന്ന അപൂര്‍വം മേഖലകളിലൊന്നാണു തിയറ്ററുകള്‍.