29 March 2024 Friday

ചാലിശ്ശേരി സ്കൂൾ മൈതാനത്ത് രണ്ട് മാസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ കോച്ചിംങ് തുടങ്ങി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത്  ഗ്രാമത്തിലെ കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംങ് ആരംഭിച്ചു.ചാലിശ്ശേരി ഗവ: സ്കൂളിൻ്റെ നേതൃത്യത്തിൽ  സ്പോട്ടിവൊ അക്കാദമി -  ജിസിസി ക്ലബ്ബ്  എന്നിവരുടെ  സഹകരണത്തോടെ  ഗ്രാമത്തിലെ വളർന്ന് വരുന്ന കായിക പ്രതിഭകൾക്കായി രണ്ട് മാസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ സമ്മർ കോച്ചിംങ് തുടങ്ങിയത്.സമ്മർ കോച്ചിങ് ക്യാമ്പ് പ്രൊ ലൈസൻസ് നേടിയ കേരളത്തിലെ ഏക കോച്ചും സന്തോഷ് ട്രോഫി കോച്ച് , ഗോകുലം  എഫ്.സിയുടെ ടെക്നിക്കൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബിനോ ജോർജ് ഉദ്ഘാടനം ചെയ്തു.കായിക രംഗത്ത് വളർന്ന്  വരുന്ന  യുവജനങ്ങൾക്ക് ഒട്ടനവധി  അംഗീകാരം ലഭിക്കുന്ന കാലമാണെന്നും ,ഫുട്ബോൾ എന്നത് നിസ്സാര കാര്യമായി കാണരുത് , മുടക്കം കൂടാതെ ട്രെയിനിംഗിൽ പങ്കെടുക്കുവാൻ ശ്രമിക്കണം , കഠിനപ്രയത്നത്തിലൂടെ ഉയർന്ന സ്ഥാനത്തേക്ക് എത്തുമെന്ന് ബിനോ ജോർജ്   കുട്ടികളോട്  പറഞ്ഞു.പത്ത് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് രാവിലെയും ,വൈകീട്ടുമായി  ഒന്നിടവിട്ട് ദിവസങ്ങളിലായി ക്യാമ്പ് നടക്കുന്നത് നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.എം. ഡി കോളേജ് കോച്ച് നവാസ് ,സ്കൂൾ കായികധ്യാപിക ഷക്കീല മുഹമ്മദ്  , സ്കൂൾ കോച്ച് റംഷാദ് , ജിസിസി ഭാരവാഹികളായ  ഷാജഹാൻ നാലകത്ത് ഇക്ബാൽ എ എം , പി.കെ സ്റ്റീഫൻ ,സ്പോട്ടിവൊ അക്കാദമി അംഗം അബ്ദുൽ ഫതഹ്   എന്നിവർ നേതൃത്യം നൽകി.