28 March 2024 Thursday

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി

ckmnews

തിരുവനന്തപുരം: 2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു.

ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും മൂന്നാംസ്ഥാനം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുമാണ്. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്തുകൾക്ക് യഥാക്രമം 25ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.


ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി.


വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിനുളള പുരസ്കാരം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്. കൊല്ലവും കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തിൽ ഈ പഞ്ചായത്തുകൾക്ക് ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.