20 April 2024 Saturday

സംസ്ഥാനം പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ പിൻവലിച്ചു

ckmnews




ബാർബർ ഷോപ്പുകൾ തുറക്കുന്നതിനും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുമുള്ള നിയന്ത്രണം തുടരും


 തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധമായി സംസ്ഥാനം പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ പിൻവലിച്ചു. 

ലോക് ഡൗൺ സംബന്ധിച്ച് കേന്ദ്രം എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പ്രഖ്യാപിച്ച ഇളവുകൾ  മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്രം ചൂണ്ടിക്കാകാട്ടിയതിന് തൊട്ടുപിന്നാലെ ഇതിൽ സർക്കാർ തിരുത്തൽ വരുത്തി. ബാർബർ ഷോപ്പുകളും റസ്റ്റോറന്റുകളും വർക്ക്ഷോപ്പുകളും തുറന്നുപ്രവർത്തിക്കാൻ കേരളം അനുമതി നൽകിയത് ഗുരുതര ചട്ട ലംഘനമാണെന്നായിരുന്നു കേന്ദ്രസർക്കാർ അയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. തിരുത്തിയ തീരുമാന പ്രകാരം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ അടച്ചിടുന്നത് തുടരും. ബാർബർമാർക്ക് വീടുകളിലെത്തി സേവനം നൽകുന്നതിന് തടസമുണ്ടാകില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ഹോം ഡെലിവറിക്കുള്ള സമയം രാത്രി ഒൻപത് വരെ നീട്ടി നൽകും. ആളുകൾക്ക് പാഴ്സൽ വാങ്ങുന്നതിനും അനുമതി. അതേ സമയം ഇരുചക്ര വാഹങ്ങളിൽ രണ്ട് പേർക്കും കാറിൽ മൂന്നു പേർക്കും സഞ്ചരിക്കുന്നതിന് ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് തീരുമാനം. ഇതിലൂടെ കൂടുതൽ വാഹനങ്ങൾ നിരത്തുകളിലേക്കെത്തുന്നത് തടയാൻ കഴിയുമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രഖ്യാപിച്ച നിർദേശങ്ങൾ തിരുത്തി പുതിയ ഉത്തരവിറക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് ഇളവുകൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.