20 April 2024 Saturday

ഭൂമി കുഴിച്ചു ചെന്നപ്പോള്‍ കണ്ടെത്തിയത് അതിപുരാതന ബിയര്‍ ഫാക്ടറി

ckmnews

കയ്‌റോ : ഭൂമി കുഴിച്ചു ചെന്നപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് അതിപുരാതനമായ ബിയര്‍ ഫാക്ടറി. തെക്കന്‍ ഈജിപ്തിലെ പുരാതന നഗരമായ അബിദിയോസിലെ നൈല്‍ നദീ തീരത്താണ് ഈ ബിയര്‍ ഫാക്ടറി കണ്ടെത്തിയത്. ലോകത്തെ ഏറ്റവും പഴക്കമേറിയതെന്നു കരുതുന്ന ബിയര്‍ ഫാക്ടറിയുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

മരണാനന്തര ജീവിതത്തെ നിയന്ത്രിക്കുന്ന ഒസിരിസ് ദേവനെ ആരാധിക്കുന്നവരുടെ കേന്ദ്രമായാണ് അബിദിയോസ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ആത്മാക്കളുടെ ദേവനായ ഒസിരിസിനായി ദേവാലയങ്ങളും ഇവിടെയുണ്ടായിരുന്നു. അമേരിക്കയുടെയും ഈജിപ്തിന്റെയും സംയുക്ത ഗവേഷക സംഘമാണ് ഇവിടെ ഉത്ഖനനത്തിനു നേതൃത്വം നല്‍കുന്നത്. പുരാതന ഈജിപ്തിന്റെ ഏകീകരണത്തിന് മുന്‍ കൈയ്യെടുത്ത നാര്‍മര്‍ രാജാവിന്റെ കാലത്തുള്ള ഫാക്ടറിയാണിതെന്ന് കരുതുന്നു.

ബിസി 3150 കാലഘട്ടത്തില്‍ ഭരിച്ച രാജാവാണിത്. ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള, 20 മീറ്റര്‍ വലുപ്പമുള്ള കുടങ്ങളും പോട്ടറി ബേസിനുകളും കണ്ടെത്തിയവയില്‍ പെടുന്നു. രാജകുടുംബാംഗങ്ങളുടെ പരമ്ബരാഗത ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനായിരുന്നു ബിയര്‍ നിര്‍മ്മാണമെന്നാണ് ഗവേഷകരുടെ അനുമാനം. ബ്രിട്ടീഷ് സംഘം 1900ല്‍ തന്നെ ഈജിപ്തില്‍ പുരാതന ബിയര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നുവെന്ന സൂചന നല്‍കിയിരുന്നെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.